അതെ, മിസ്ബ പാഡഴിക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം ഉറപ്പില്ലെന്ന് പാകിസ്താന്‍ നായകന്‍ മിസ്ബാഹുല്‍ ഹഖ്. രണ്ടാം ടെസ്റ്റില്‍ അപ്രതീക്ഷിത പരാജയത്തിലേക്ക് കൂപ്പുകുത്തിയ ശേഷമായിരുന്നു പാക് നായകന്റെ പ്രതികരണം. ടീമിന് വ്യക്തിപരമായി ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കാര്യമായൊന്നും സംഭാവന ചെയ്യാനില്ലെങ്കില്‍ കടിച്ചു തൂങ്ങുന്നതില്‍ അര്‍ഥമില്ലെന്നാണ് തന്റെ കാഴ്ചപ്പാടെന്നും സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇക്കാര്യത്തിലൊരു പുനര്‍വിചാരണക്ക് സമയമായെന്നും മിസ്ബ പറഞ്ഞു.

ടീമിലെ മുതിര്‍ന്ന താരമെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ വലുതാണെന്നും അതുകൊണ്ടു തന്നെ ബാറ്റിങ് ക്രീസിലെ പരാജയങ്ങള്‍ വേദനാജനകമാണെന്നും ഓരോ തവണ നിങ്ങള്‍ പരാജയപ്പെടുമ്പോഴും സ്വന്തം പ്രതീക്ഷകള്‍ക്കും ആരാധകരുടെ ആഗ്രഹങ്ങള്‍ക്കുമൊപ്പം നിങ്ങള്‍ ഉയരാതെ പോകുകയാണെന്നും മിസ്ബ പറഞ്ഞു. ഇത്തരം പരാജയങ്ങള്‍ക്ക് വേണ്ടിയല്ല നിങ്ങള്‍ കളിക്കുന്നത്. സമ്മര്‍ദ അവസരങ്ങളില്‍ മുതിര്‍ന്ന താരമെന്ന നിലയില്‍ അവസരത്തിനൊത്തുയര്‍ന്നുള്ള പ്രകടനമാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ പരാജയങ്ങള്‍ വേദനാജനകവും നിരാശാജനകവുമാണ്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യവും മിസ്ബ പരിഗണിക്കുന്നതായാണ് സൂചന. കഴിഞ്ഞ നാല് ടെസ്റ്റ് ഇന്നിങ്‌സുകളിലായി കേവലം 20 റണ്‍സ് മാത്രമാണ് പാക് നായകന് നേടാനായത്.

SHARE