എസ്.ഡി.പി.ഐയില്‍ നിന്ന് രാജിവെച്ച ആളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു


തിരൂര്‍: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനോട് കലിപ്പ് തീര്‍ത്തത് കൊല്ലാന്‍ ശ്രമിച്ച്. കഴിഞ്ഞദിവസമാണ് പന്ത്രണ്ടോളം എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തിരൂര്‍ പറവണ്ണ അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോനെ വധിക്കാന്‍ ശ്രമിച്ചത്. മുതുകില്‍ ആഴത്തില്‍ കുത്തേറ്റ കുഞ്ഞിമോന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തിയ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ പുത്തങ്ങാടി റാഫി(40)ക്കും പരിക്കേറ്റു.

നേരത്തെ എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കുഞ്ഞിമോന്‍. സംഘടനയുടെ പറവണ്ണ മേഖല പ്രസിഡന്റായിരുന്നു. സംഘടനയില്‍ നിന്ന് രാജി വെച്ചതിലുള്ള പകയാണ് കൊലപാതകശ്രമത്തിനു കാരണം. പാര്‍ട്ടിയുടെ അണിയറ രഹസ്യങ്ങള്‍ കുഞ്ഞിമോന് അറിയാമെന്നതിനാലാണ് അക്രമിച്ച് ഇല്ലാതാക്കാനുള്ള ശ്രമം നടത്തിയത്.

അതിനിടെ കുഞ്ഞിമോനെ ആക്രമിക്കാന്‍ വന്ന ഗുണ്ടകളെ തടയാന്‍ ശ്രമിച്ച സഹോദരന്‍ കൂടിയായ റാഫിക്കും കുത്തേറ്റു. അവര്‍ തന്റെ സഹോദരനെ കൊല്ലാന്‍ വന്നവരായിരുന്നുവെന്നും തടയാന്‍ ശ്രമിച്ച തനിക്കു കുത്തേല്‍ക്കുകയായിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ വാക്കാട് നിന്ന് പറവണ്ണ ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന കുഞ്ഞിമോനെ കൊലപ്പെടുത്താനായി കാഞ്ഞിരക്കുറ്റിയില്‍ ഒരു സംഘം മാരകായുധങ്ങളുമായി തമ്പടിച്ചിരുന്നു. ഈ വിവരം പോലീസുകാരെ നാട്ടുകാര്‍ അറിയിച്ചു. എന്നാല്‍ പൊലിസ് എത്തും മുന്‍പ് കുഞ്ഞിമോന്‍ സംഘത്തിന്റെ മുന്നില്‍പെടുകയായിരുന്നു. സംഘടനയിലേക്ക് തിരിച്ചു വരണമെന്നായിരുന്നു ആയുധവുമായി എത്തിയ സംഘം ആവശ്യപ്പെട്ടത്. വഴങ്ങാതിരുന്നതോടെ സംഘത്തിലുള്ള ഒരാള്‍ കുഞ്ഞിമോനെ താഴെ തള്ളിയിട്ടു. തലങ്ങും വിലങ്ങും ആക്രമിക്കാന്‍ തുടങ്ങി. ഇതുകണ്ടാണ് സഹോദരന്‍ മുഹമ്മദ് റാഫി എത്തിയത്. സംഘര്‍ഷാവസ്ഥ ശമിപ്പിക്കാന്‍ ശ്രമിച്ച റാഫിയെയും ക്രൂരമായി സംഘം മര്‍ദിക്കാന്‍ തുടങ്ങി. ഇതിനിടെ കുഞ്ഞിമോന്റെ പുറത്ത് ഇടതു ഭാഗത്തായി സംഘത്തിലുള്ള ഒരാള്‍ കത്തികൊണ്ട് കുത്തി. തടയാന്‍ ശ്രമിച്ച റാഫിയുടെ മുഖത്തും കുത്തിയ ശേഷം സംഘം കടന്നുകളഞ്ഞു. ഇരുവരെയും ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു തിരൂര്‍ സി.ഐ, എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നത്.

SHARE