ഖാഇദേമില്ലത്ത് അവഗണിക്കപ്പെട്ടവരുടെ ശബ്ദം

ഖാഇദേമില്ലത്ത് അവഗണിക്കപ്പെട്ടവരുടെ ശബ്ദം

ഖാഇദെ മില്ലത്ത് (1896 ജൂണ്‍ 05 – 1972 ഏപ്രില്‍ 05) വിടപറഞ്ഞിട്ട് ഇന്ന് 47 വര്‍ഷം

അഡ്വ. അഹമ്മദ് മാണിയൂര്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായിരുന്ന ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് അന്തരിച്ചിട്ട് 47 വര്‍ഷം പിന്നിട്ടു. 1972 ഏപ്രില്‍ അഞ്ചിന് ചെന്നൈയിലായിരുന്നു അന്ത്യം. ‘രാഷ്ട്രീയ നേതാക്കള്‍ മാതൃകയാക്കേണ്ടുന്ന മതേതരമൂര്‍ത്തിയും പാര്‍ശ്വവല്‍ക്കൃതരുടെ ശബ്ദവും’ എന്ന് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എം. ഭക്തവത്സലം വിശേഷിപ്പിച്ച ആ മഹോന്നതന്റെ അന്ത്യത്തോടെ രാജ്യം ഒട്ടുക്കുമുള്ള പീഡിത ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത ഒരു പോരാട്ട ജീവിതമാണ് അവസാനിച്ചത്.
1947ല്‍ ഇന്ത്യാ രാജ്യം വിഭജിക്കപ്പെടുകയും പാകിസ്താന്‍ ഭാഗം പിരിഞ്ഞു പോകുകയും ചെയ്തപ്പോള്‍ ഇന്ത്യയില്‍ അവശേഷിച്ച മുസ്‌ലിംകള്‍ അനുഭവിച്ചത് വിരഹ ദുഃഖം മാത്രമായിരുന്നില്ല. കടുത്ത മാനസിക ശാരീരിക പീഢനങ്ങള്‍ക്കും ഇരയായി. ഏകദേശം മൂന്നു മാസത്തോളം വടക്കെ ഇന്ത്യ മുഴുക്കെ കലാപങ്ങളായിരുന്നു. മുസ്‌ലിംകള്‍ വിഭജനവാദികളും രാജ്യദ്രോഹികളുമായി മുദ്രകുത്തപ്പെട്ടു. അനാഥത്വവും ഒറ്റപ്പെട്ടുത്തലുകളും പരസ്പര വിശ്വാസമില്ലായ്മയും ഗ്രസിച്ച ഒരു പീഢിത സമൂഹമായി അവര്‍ വടക്കെ ഇന്ത്യന്‍ ഗല്ലികളില്‍ ഒതുങ്ങി.
സ്വാതന്ത്ര്യത്തോടൊപ്പം വിഭജനവും നടപ്പിലാകുകയും പാകിസ്താന്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ ഒന്നാം നിരയിലും രണ്ടാം നിരയിലുമുള്ള ഒട്ടുമിക്ക മുസ്‌ലിം നേതാക്കളും കുടുംബങ്ങളും പാകിസ്ഥാനിലേക്ക് പോയി. ഇന്ത്യവിട്ടുപോകാന്‍ തയ്യാറല്ലാതിരുന്ന മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കാനും സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗ് പുനസംഘടിപ്പിക്കാനും ചുമതലപ്പെട്ട ഉത്തര്‍പ്രദേശിലെ ചൗധരി ഖലിക്കുസ്സമാനും പാകിസ്താനില്‍പോയി. 1947 ആഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് വേണ്ടി കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയുടെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനത്തില്‍ പ്രസംഗിച്ച നാലു ഇന്ത്യന്‍ നേതാക്കളില്‍ ഒരാളായിരുന്നു ഖലിക്കുസ്സമാന്‍. ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. രാജേന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.
ഇന്ത്യന്‍ മുസ്‌ലിംകളുടെ ദുരിതപൂര്‍ണ്ണമായ അത്തരം ഒരു പരിതോവസ്ഥയിലാണ് 1948 മാര്‍ച്ച് 10ന് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ മദ്രാസില്‍ ദേശീയതലത്തില്‍ മുസ്‌ലിം സമ്മേളനം വിളിച്ചുകൂട്ടിയത്. സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകള്‍ അടക്കമുള്ള പീഡിത ന്യൂനപക്ഷങ്ങള്‍ക്ക്‌വേണ്ടി ശബ്ദിക്കാനും പ്രവര്‍ത്തിക്കാനും ഉതകുന്ന മതേതര ജനാധിപത്യ രാഷ്ട്രീയ ശാക്തീകരണ പ്രസ്ഥാനം എന്ന ആശയം മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആ സമ്മേളനത്തില്‍ മുന്നോട്ടുവെച്ചു. യോഗത്തില്‍ പങ്കെടുത്ത പലരും ആ ആശയത്തെ എതിര്‍ത്തു. ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്മായില്‍ സാഹിബിന്റെ വാദം അംഗീകരിക്കപ്പെടുകയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകരിക്കുകയും ചെയ്തു. മുഹമ്മദ് ഇസ്മായില്‍ സാഹിബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
76-ാം വയസ്സില്‍ 1972 ല്‍ മരണമടയുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പാര്‍ട്ടി രൂപീകരണവേളയില്‍ അദ്ദേഹം മദ്രാസ് പ്രവിശ്യാ അസംബ്ലി അംഗമായിരുന്നു (1946-1952). 1948 ല്‍ രൂപീകൃതമായ ഭരണഘടനാനിര്‍മ്മാണ സഭയിലും അംഗമായി (1948 – 52). സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പ് 1946 ല്‍ മദ്രാസ് പ്രവിശ്യ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് 29 സീറ്റുകളില്‍ വിജയിച്ചിരുന്നു. അദ്ദേഹം പ്രതിപക്ഷ നേതാവും ആയി. രാഷ്ട്രീയ നേതാക്കള്‍ മുഹമ്മദ് ഇസ്മയിലിനെ മാതൃകയാക്കണെമെന്ന് എം ഭക്തവത്സലം ആഹ്വാനം ചെയ്തത് അക്കാലത്തായിരുന്നു. പരിശ്രേഷ്ഠ വ്യക്തി എന്നര്‍ത്ഥം വരുന്ന ‘ഗണ്ണിയാതിര്‍കുറിയ’ (ഏമിിശ്യമവേശൃസൗൃശ്യമ) എന്ന ബഹുമതിയും ഇസ്മായില്‍ സാഹിബിന് നല്‍കി. സമൂഹത്തിന്റെ നേതാവ് എന്നര്‍ത്ഥമുള്ള ഖാഇദേമില്ലത്ത് എന്ന വിശേഷണത്തോടെയാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നതും.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുഴുവനും പുതിയ മുസ്‌ലിംലീഗിന് വേരോട്ടം ലഭിച്ചു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1952 ല്‍ നടന്ന പ്രഥമ പൊതുതെരഞ്ഞെടുപ്പില്‍ മദ്രാസ് നിയമസഭയിലേക്ക് അഞ്ച് മുസ്‌ലിംലീഗ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കേരള നിയമസഭയില്‍ മുസ്‌ലിംലീഗിന്റെ വന്‍ സാന്നിധ്യം തുടര്‍ന്നുപോരുന്നുണ്ട്. 1960 ല്‍ കെ.എം സീതി സാഹിബ് കേരള നിയമസഭാസ്പീക്കറായതുമുതല്‍ ചില ഇടവേളകളിലൊഴിച്ച് കേരളത്തില്‍ മുസ്‌ലിം ലീഗ് ഭരണ പങ്കാളിത്തവും വഹിച്ചുവരുന്നു. 1970 കളുടെ തുടക്കത്തില്‍ പശ്ചിമ ബംഗാളില്‍ മുസ്‌ലിം ലീഗിന് ഏഴ് എം.എല്‍.എമാരുണ്ടായിരുന്നു. ബംഗാളിലെ പ്രമുഖ മുസ്‌ലിംലീഗ് നേതാവ് ചൗധരി അബുതാലിബ് 1971 ല്‍ മുര്‍ഷിദാബാദില്‍നിന്ന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 93716 വോട്ടിന്റെ ഭൂരിപക്ഷവും നേടി. രണ്ടു മാസത്തിനകം അദ്ദേഹം മരണമടഞ്ഞു. ഒറീസ, അസാം, മഹാരാഷ്ട്ര, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക എന്നീ സംസ്ഥാന നിയമസഭകളിലും മുസ്‌ലിംലീഗ് പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂര്‍, ബോംബെ, ലഖ്‌നൗ, നാഗ്പൂര്‍, കല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും സാന്നിധ്യമുണ്ടായിരുന്നു. മദ്രാസ് കോര്‍പറേഷനില്‍ മുസ്‌ലിംലീഗിന് ഷെരീഫ്, ഡെപ്യൂട്ടി ഷെരീഫ് പദവികളും ലഭിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ മാസത്തില്‍ ഝാര്‍ഖണ്ഡില്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച് ഒമ്പതു സീറ്റുകള്‍ നേടിയിട്ടുണ്ട്. അവയില്‍ ഒന്ന് തലസ്ഥാന നഗരിയായ റാഞ്ചിക്കടുത്തുള്ള രാം നഗര്‍ മുനിസിപ്പാലിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ദേവ്‌റാം എന്ന അമുസ്‌ലിം ഗിരിവര്‍ഗ നേതാവുമാണ്.
1896 ജൂണ്‍ 5ന് തിരുനല്‍വേലിയില്‍ പേട്ട എന്ന സ്ഥലത്ത് തുകല്‍ വ്യാപാരി കുടുംബത്തിലാണ് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ജനനം. തിരുനല്‍വേലിയിലെ ചര്‍ച്ച് മിഷന്‍ കോളജ് സ്‌കൂള്‍, എം.ഡി.ടി ഹിന്ദു കോളജ്, ട്രിച്ചിയിലെ സെന്റ് ജോസഫ് കോളജ്, മദ്രാസ് ക്രിസ്റ്റ്യന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തോടൊപ്പംതന്നെ വ്യാപാരവും സാമൂഹിക പ്രവര്‍ത്തനങ്ങളും കൂടെ കൊണ്ടുനടന്നു. പതിമൂന്നാമത്തെ വയസില്‍ 1909 ല്‍ സമപ്രായക്കാരോടൊപ്പംചേര്‍ന്ന് തിരുനല്‍വേലിയില്‍ യംഗ് മുസ്‌ലിം സൊസൈറ്റി രൂപീകരിച്ചു. 1918 ല്‍ മുസ്‌ലിം പണ്ഡിതന്മാരുടെ കൂട്ടായ്മയായ മജ്‌ലിസുല്‍ ഉലമ എന്ന സംഘടനക്കു നേതൃത്വം നല്‍കി. 1936 ല്‍ മുഹമ്മദലി ജിന്ന പ്രസിഡന്റായ ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. 1945ല്‍ മുസ്‌ലിംലീഗിന്റെ മദ്രാസ് പ്രവിശ്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1952 – 58 കാലത്ത് രാജ്യസഭാംഗമായി. 1962, 67, 71ല്‍ മഞ്ചേരിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ മരിക്കുന്നതുവരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പീഢിത ന്യൂനപക്ഷങ്ങളുടെ പോരാട്ട ശബ്ദമായിരുന്നു. തികഞ്ഞ മതേതരത്വവും അടിയുറച്ച മതവിശ്വാസവുമായിരുന്നു അദ്ദേഹത്തിന്റെ വ്യതിരിക്തമായ സവിശേഷത. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം എല്ലാവര്‍ക്കും ആദരണീയനായി. പെരിയാര്‍, അണ്ണാദുരൈ, കാമരാജ് തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ ശ്രേണിയില്‍പെടുത്തി തമിഴ് ജനത ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും ആദരിക്കുന്നു.
മരണശേഷം ആദരസൂചകമായി തമിഴ്‌നാട് ഗവണ്‍മെന്റ് നാഗപട്ടണം ജില്ലക്ക് നാഗാ ഖാഇദെമില്ലത്ത് ജില്ല എന്ന് പേരിട്ടു. ജില്ലകള്‍ക്കും സ്ഥലങ്ങള്‍ക്കും നല്‍കിയിട്ടുള്ള വ്യക്തിനാമങ്ങള്‍ പിന്‍വലിക്കാന്‍ 1997 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഖാഇദെമില്ലത്ത് ജില്ല ഇല്ലാതായി. 2003ല്‍ ചെന്നൈ അണ്ണാശാലയില്‍ ട്രിപ്ലിക്കേനിലെ വല്ലാജാജുമാമസ്ജിദ് അങ്കണത്തില്‍ ഇസ്മായില്‍ സാഹിബിന്റെ ഖബറിടത്തോട്‌ചേര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ‘കന്നിയാ തെന്‍ട്രല്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ മണിമണ്ഡപം’ പടുത്തുയര്‍ത്തി. ചെന്നൈ നന്ദനാമിലുള്ള ഖാഇദേമില്ലത്ത് ഗവണ്‍മെന്റ് വനിതാ കോളജ്, മെടവാക്കം ഖാഇദേമില്ലത്ത് കോളജ്, സിയാല്‍ക്കോട്ടിലെ ഖാഇദേമില്ലത്ത് പബ്ലിക് സ്‌കൂള്‍, ചെന്നൈയിലെ ഖാഇദേമില്ലത്ത് ക്രിക്കറ്റ് അക്കാദമി എന്നിവ അദ്ദേഹത്തിന്റെ പേരിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. 1996 ല്‍ കേന്ദ്ര തപാല്‍ വകുപ്പ് അദ്ദേഹത്തിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പും ഇറക്കി. തമിഴ്‌നാടിനൊപ്പം രാഷ്ട്രീയ തട്ടകമായിരുന്ന കേരളത്തിലും നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആ സ്മരണകള്‍ ഉണര്‍ത്തി നിലകൊള്ളുന്നു. ന്യൂനപക്ഷ ശാക്തീകരണം മുഖ്യ ലക്ഷ്യമാക്കി മുന്നേറുമ്പോഴും ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഉലച്ചിലേല്‍ക്കാതെ നിലനിര്‍ത്തിയ മതേതരത്വ സാഹോദര്യ പൊലിമ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് മങ്ങലേല്‍ക്കാതെ നിലനിര്‍ത്തിവരുന്നു എന്നതു തന്നെയാണ് ഇസ്മായില്‍ സാഹിബിനുള്ള ഏറ്റവും വലിയ ആദരവും സ്മരണയും.

NO COMMENTS

LEAVE A REPLY