പുരുഷകേരളം; വനിതാ ഫൈനലില്‍ തോല്‍വി

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ കിരീടം കേരളത്തിന്. ഫൈനലില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാരായ റയില്‍വേസിനെയാണ് കേരളം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 25-17, 20-25, 26-24, 25-27, 15-9. കഴിഞ്ഞ വര്‍ഷം റയില്‍വേസിനോട് തോറ്റ കേരളത്തിന് ഇത് മധുര പ്രതികാരമായി മാറുകയും ചെയ്തു. അതേ സമയം വനിതാ വിഭാഗത്തില്‍ കേരളത്തെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി റയില്‍വേസ് ചാമ്പ്യന്‍മാരായി. സ്‌കോര്‍ 25-21, 21-25, 25-15, 25-21.

വനിതാ വിഭാഗം ഫൈനലില്‍ തുടര്‍ച്ചയായി ഒമ്പതാം തവണയും നിരാശയോടെ മടങ്ങിയതിന് പകരം വീട്ടാന്‍ ഇറങ്ങിയ പുരുഷന്‍മാര്‍ ആദ്യ സെറ്റില്‍ തന്നെ റയില്‍വേസിനെതിരെ ആധിപത്യം നേടി. 25-17. ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും കേരളത്തിനെതിരെ അതിശക്തമായ തിരിച്ചടിയാണ് റയില്‍വേസ് നടത്തിയത്. രണ്ടാം സെറ്റ് 25-20ന് റയില്‍വേസ് സ്വന്തമാക്കുകയും ചെയ്തു. മൂന്നാം സെറ്റില്‍ പരിചയ സമ്പത്ത് മുതലാക്കി കേരളം സെറ്റ് 26-24ന് സ്വന്തമാക്കിയപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നാലാം സെറ്റ് കേരളത്തിന് നഷ്ടമായി. 27-25. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ തുടക്കത്തില്‍ നേടിയ വന്‍ ലീഡാണ് മത്സരം സ്വന്തമാക്കാന്‍ കേരളത്തെ സഹായിച്ചത്.

SHARE