ചെന്നൈ: പ്രഥമ പ്രോ വോളി ലീഗിലെ കലാശപ്പോരാട്ടത്തില്‍ ഇന്ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ നേരിടും. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം.
ലീഗില്‍ ഇതു വരെ തോല്‍വിയറിയാതെ കുതിക്കുന്ന കാലിക്കറ്റിനാണ് മുന്‍തൂക്കം. എന്നാല്‍ ലീഗില്‍ തുടക്കത്തില്‍ പതറിയ ശേഷം വന്‍ തിരിച്ചുവരവ് നടത്തിയ ചെന്നൈ കടുത്ത വെല്ലുവിളിയുയര്‍ത്തും. ഫൈനലിന് മുന്നോടിയായി വനിതാ താരങ്ങളുടെ സൗഹൃദ മത്സരവുമുണ്ട്.
ഇതുവരെ നല്ല പ്രകടനം കാഴ്ച വെക്കാനായതിന്റെ ആത്മവിശ്വാസം ഫൈനലില്‍ പ്രതിഫലിക്കുമെന്നും മികച്ച പ്രകടനത്തോടെ കിരീടം നേടാനാവുമെന്നും കാലിക്കറ്റ് നായകന്‍ ജെറോം വിനീത് പറഞ്ഞു.
തങ്ങള്‍ കപ്പ് സ്വന്തമാക്കാന്‍ ഉറച്ചു തന്നെയാണ് ഇറങ്ങുന്നതെന്ന് ചെന്നൈ നായകന്‍ ഷെല്‍ട്ടണ്‍ മോസസും പറഞ്ഞു. കാലിക്കറ്റ് മികച്ച ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റില്‍ ഇരു ടീമും ഒരു വട്ടം നേരിട്ടപ്പോള്‍ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് കാലിക്കറ്റ് വിജയിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്വന്തം തട്ടകത്തിലാണ് മത്സരമെന്നത് ചെന്നൈക്ക് ഗുണകരമാകും.