പത്താം ക്ലാസുകാരന്റെ കൊലപാതകം; പ്രതികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ ജാമ്യം അനുവദിച്ചു

പത്തനംതിട്ട കൊടുമണ്ണിലെ പത്താം ക്ലാസുകാരന്‍ അഖിലിനെ കൊലപ്പെടുത്തിയില്‍ കേസില്‍ പിടിയിലായ കുട്ടികള്‍ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുവനൈല്‍ കോടതിയുടേതാണ് ഉത്തരവ്. കുട്ടികള്‍ക്ക് ശേഷിക്കുന്ന പരീക്ഷകള്‍ എഴുതാനുണ്ടെന്നും തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പിടിയിലായവരുടെ അഭിഭാഷകര്‍ ജുവനൈല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

പിടിയിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് നേരത്തേ ജുവനൈല്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു. കൊലപാതകസ്ഥലത്തെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പിടിക്കാനും പ്രചരിപ്പിക്കാനും കൂട്ടുനിന്ന പൊലീസിന്റെ കസ്റ്റഡിയിലേക്ക് ഇരുവരേയും വീണ്ടും വിടുന്നത് സുരക്ഷിതമല്ലെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദം ശരിവച്ചാണ് പൊലീസിന്റെ അപേക്ഷ കോടതി തള്ളിയത്.

അതേസമയം കുട്ടികളെ താമസിപ്പിച്ചിട്ടുള്ള കൊല്ലത്തെ ജുവനൈല്‍ നിരീക്ഷണ സെന്ററിലെത്തി വിവരങ്ങള്‍ ചോദിക്കാനും ശാസ്ത്രീയാന്വേഷണത്തിന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കാനും അനുമതി നല്‍കി.

SHARE