Connect with us

Views

12 റണ്‍സ് വഴങ്ങി 10 വിക്കറ്റ്: അവിസ്മരണീയ പ്രകടനവുമായി പാക് കൗമാര താരം

Published

on

കറാച്ചി: ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തി ചരിത്രം രചിച്ച് പാകിസ്താന്‍ കൗമാര താരം. കറാച്ചിയില്‍ നടന്ന അണ്ടര്‍ 19 ഇന്റര്‍ ഡിസ്ട്രിക്റ്റ് ത്രീ ഡേ ടൂര്‍ണ്ണമെന്റിലാണ് മുഹമ്മദ് അലി എന്ന വലം കയ്യന്‍ പേസര്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചത്. മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത പയ്യന്‍ കേവലം 12 റണ്‍സ് വഴങ്ങിയാണ് എതിര്‍ ടീമിന്റെ 10 വിക്കറ്റുകളും പിഴുതത്. ടൂര്‍ണ്ണമെന്റില്‍ സോണ്‍ മൂന്നിനു വേണ്ടിയാണ് മുഹമ്മദ് അലി പന്തെറിഞ്ഞത്. സോണ്‍ സെവനായിരുന്നു എതിരാളി. മുഹമ്മദ് അലിയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ മികവില്‍ സോണ്‍ മൂന്ന് ടീം ഇന്നിംഗ്‌സിനും 195 റണ്‍സിനും വിജയിച്ചു.

10 വിക്കറ്റ് വീഴ്ത്താന്‍ ഒന്‍പത് ഓവറുകള്‍ മാത്രമാണ് മുഹമ്മദ് അലിയ്ക്ക എറിയേണ്ടി വന്നത്. ഫീല്‍ഡര്‍മാരുടെ യാതൊരു സഹായവും കൂടാതെയായിരുന്നു കറാച്ചി താരം 10 വിക്കറ്റും വീഴ്ത്തിയത്. ഇതില്‍ ഒന്‍പത് വിക്കറ്റും ബാറ്റ്‌സ്മാന്‍മാരുടെ കുറ്റി തെറിപ്പിച്ച് സ്വന്തമാക്കിയ അലി ഒരു വിക്കറ്റ് എല്‍ബിഡബ്യുവിലൂടെയാണ് സ്വന്തമാക്കിയത്. ത്രിദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്ന റെക്കോര്‍ഡ് നേട്ടവും ഈ പ്രകടനത്തിലൂടെ അലി സ്വന്തമാക്കി.

എന്നാല്‍ ഇത് ഫസ്റ്റ്ക്ലാസ് റെക്കോര്‍ഡ് ബുക്കില്‍ രേഖപ്പെടുത്തില്ല. ടൂര്‍ണ്ണമെന്റിന് ഫസ്റ്റ് ക്ലാസ് സ്റ്റാറ്റസ് ഇല്ലാത്തതാണ് കാരണം. എന്നാല്‍ പാക് സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ അലിയ്ക്ക് ഇത് ധാരാളമാണ്. നാല് പാക് ബൗളര്‍മാരാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുളളത്. നയീം അക്തര്‍, ശാഹിദ് മെഹബൂബ്, ഇമ്രാന്‍ ആദില്‍, സുല്‍ഫിക്കര്‍ ബാബര്‍ എന്നിവരാണവര്‍. ഇന്ത്യയുടെ അനില്‍ കുംബ്ലെയും ഇംഗ്ലണ്ടിന്റെ ഗാരി ജിം ലേക്കറുമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുളള രണ്ട് താരങ്ങള്‍. പാകിസ്താനെതിരെയായിരുന്നു കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടം.

pcb_scoresheet

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

kerala

സംസ്ഥാനത്ത് മുണ്ടി നീര് പടരുന്നു; 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് രോഗം

ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍

Published

on

കേരളത്തില്‍ മുണ്ടിനീര് വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 190 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ മാസം മാത്രം 2505 വൈറല്‍ അണുബാധ കേസുകള്‍ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം പിടിപെടുന്നത്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് ഒപിയില്‍ എത്തുന്ന 20 കുട്ടികളില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നുണ്ട്. മലപ്പുറത്തും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്.

ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് മുണ്ടിനീര്. പരാമിക്‌സോ വൈറസ് മൂലമാണ് ഈ പകർച്ചവ്യാധി പിടിപെടുന്നത്. സാധാരണയായി ശ്വസന തുള്ളികളിലൂടെയോ രോഗ ബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. ശ്വാസനാളത്തിലൂടെ ശരീരത്തിന് അകത്ത് പ്രവേശിക്കുന്ന അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുന്നു. ഇത് ഉമിനീർ ഉത്പാദിപ്പിക്കുന്ന പരോട്ടിൻ ഗ്രന്ഥികളെ ബാധിക്കുകയും ഇതുമൂലം വീക്കം ഉണ്ടാകുകയും ചെയ്യുന്നു.

മുഖത്ത് ഉണ്ടാകുന്ന വീക്കം ആണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം. ചെവിയുടെ താഴെയായി കവിളിന്റെ വശങ്ങളിലാണ് വീക്കം ഉണ്ടാകുക. കഴുത്തിന് പിന്നിലെ വീക്കം, വീക്കമുള്ള ഭാഗത്തെ വേദന, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ എന്നിവയും മുണ്ടിനീരിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഉടനെ തന്നെ വൈദ്യ സഹായം തേടുന്നത് രോഗം പടരാതിരിക്കാൻ സഹായിക്കും. രോഗം ഭേദമാകുന്നത് വരെ മറ്റുള്ളവരുമായുള്ള സമ്ബർക്കവും ഒഴിവാക്കണം. ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Trending