പതിനേഴാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നുമുതല്‍; രണ്ടു ദിവസങ്ങളിലായി എം.പിമാരുടെ സത്യപ്രതിജ്ഞ

പതിനേഴാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നുമുതല്‍; രണ്ടു ദിവസങ്ങളിലായി എം.പിമാരുടെ സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: പതിനേഴാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ജൂലായ് 26വരെയാണ് സമ്മേളനം നടക്കുക. ആദ്യ രണ്ട് ദിവസവും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞ നടക്കും. മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കറാകുക.

എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസവും നടക്കുന്നത്. ആദ്യ ദിവസം 542 പേര്‍ സത്യപ്രതിജ്ഞ ചെയ്യും. ജൂണ്‍ 19,20 തിയ്യതികളിലായി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. ജൂലായ് നാലിനായിരിക്കും ധനകാര്യ മന്ത്രിനിര്‍മ്മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. വ്യാഴാഴ്ച്ചയാണ് രാഷ്ട്രപതി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.

മുത്തലാഖ് ബില്‍, കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണബില്‍, ആധാര്‍ അടക്കമുള്ള ഭേദഗതി ബില്‍ എന്നിവയും ഈ സമ്മേളനത്തില്‍ പാര്‍ലമന്റില്‍ എത്തുന്നുണ്ട്. പതിനേഴാമത് ലോക്‌സഭയുടെ സ്പീക്കാറായി ആരെയാണ് ബി.ജെ.പി നിയോഗിക്കുകയെന്ന വലിയ ആകാംഷ നിറഞ്ഞ് നില്‍ക്കുമ്പോള്‍ മനേക ഗാന്ധി അടക്കമുള്ള പലരുടെയും പേരുകള്‍ ആ സ്ഥാനത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അതേസമയം പാര്‍ലമെന്റ് ഇന്ന് ആരംഭിക്കുമ്പോഴും ലോകസഭാ കക്ഷി നേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

NO COMMENTS

LEAVE A REPLY