പാതിവഴിയില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ അവിനാശിയില്‍ കണ്ടെയ്‌നര്‍ ലോറി ബസ്സിലിടിച്ച് 19 മലയാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ കെ.എല്‍ 15 എ 282 വോള്‍വോ ബസ്സിലാണ് കേരളത്തില്‍നിന്ന് ടൈല്‍ കയറ്റി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ഇടിച്ചത്. ലോറിയുടെ ചക്രങ്ങള്‍ പാതയുടെ മധ്യത്തിലെ ഡിവൈഡറില്‍കയറി കാബിനില്‍നിന്ന് വേര്‍പെട്ട് കണ്ടെയ്‌നര്‍ വലതുപാതയിലേക്ക് മറിഞ്ഞതാണ് ദുരന്തത്തിന് കാരണം. വലതുഭാഗത്തെ റോഡിലെ പകുതിയോളം ഭാഗത്തായിരുന്നു കണ്ടെയ്‌നര്‍ കിടന്നിരുന്നത്. ബ്രേക്കിടാന്‍ പോലും അവസരം ലഭിക്കും മുമ്പേ എതിരെ വന്ന ബസ്സ് കണ്ടെയ്‌നറിലേക്ക് ഇടിച്ചുകയറി. ഇന്നലെ പുലര്‍ച്ചെ 3.20 നായിരുന്നു അപകടം.

ബസ്‌ഡ്രൈവര്‍ എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി വലവനത്ത്‌വീട്ടില്‍ വി.ഡി ഗരീഷ് (44), കണ്ടക്ടര്‍ മുളന്തുരുത്തി ആരക്കുന്നം വല്ലത്തില്‍ വി.ആര്‍. ബൈജു (42), എറണാകുളം സ്വദേശികളായ ജോഫി പോള്‍ (30), ടി.ജി ഗോപിക(25), എം.സി മാത്യു(30), മോനിഷമാനസി മണികണ്ഠന്‍( 25), എടപ്പള്ളി പോണേക്കര സാരംഗില്‍ ഗോപകുമാറിന്റെ മകളും അശ്വിന്റെ ഭാര്യയുമായ ഐശ്വര്യ (22), അങ്കമാലി തുറവൂര്‍ കിടങ്ങേല്‍ ഷാജു-ഷൈനി ദമ്പതികളുടെ മകന്‍ ജിസ്‌മോന്‍ (24), പി.ശിവശങ്കര്‍ (30), പിറവം സ്വദേശി വിനു ബൈജു(17), തൃശൂര്‍ ചാവക്കാട് അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദലി (24), തൃശൂര്‍ പുറനയുവളപ്പില്‍ ഹനീഷ് (25), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍വീട്ടില്‍ ഇഗ്‌നിറാഫേല്‍ (39), തൃശൂര്‍ കെ.വി അനു(25), പാലക്കാട് തിരുവേഗപ്പുറ ചെമ്പ്ര ആലിന്‍ചുവട് കൊടപ്പുറത്ത് കളത്തില്‍ ശശിധരന്‍ മകന്‍ രാകേഷ് (35) ,ഒറ്റപ്പാലം മംഗലാംകുന്ന് ഉദയനിവാസില്‍ ശിവകുമാര്‍ (35), പാലക്കാട് ചന്ദ്രനഗര്‍ നയങ്കര ശാന്തികോളനിയില്‍ റോസിലിജോണ്‍ (61), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സനൂപ്, കര്‍ണാടകസ്വദേശി തുംകൂര്‍ നേലക്കല്‍ ബസമ്മയുടെ മകന്‍ കിരണ്‍കുമാര്‍ (33) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ 20പേരില്‍ യുവതിയുടെ നില ഗുരതരമാണ്. പരിക്കേറ്റവരില്‍ പത്തോളംപേര്‍ തിരുപ്പൂര്‍ ഗവ.ജില്ലാ ആസ്പത്രിയില്‍ ചികില്‍സയിലാണ്. നിസ്സാരപരിക്കുള്ളവര്‍ പലരും നാട്ടിലേക്ക് തിരിച്ചു. എറണാകുളം 7, തൃശൂര്‍ 6, പാലക്കാട് 3, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള മരിച്ചവരുടെ എണ്ണം. എറണാകുളം റജിസ്‌ട്രേഷനിലുള്ള കെ.എല്‍ 07.സി.എസ്.6325 എന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം ചെറുമുണ്ടശേരി കൊല്ലത്തുംകുണ്ടില്‍ അയ്യപ്പന്‍കുട്ടി മകന്‍ ഹേമരാജിനെ(38) ഈറോഡ് പൊലീസില്‍ കീഴടങ്ങിയതിനെതുടര്‍ന്ന് അറസ്റ്റുചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതശരീരങ്ങള്‍ അവരവരുടെ സ്വദേശത്തേക്ക് അയച്ചു.

അപകടകാരണം അന്വേഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയോട് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകീട്ട് 8.15ന് ബംഗളൂരു ശാന്തി നഗര്‍ ബസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബസ് രാവിലെ ഏഴു മണിയോടെ എറണാകുളത്ത് എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ നിനച്ചിരിക്കാതെ എത്തിയ ദുരന്തം പാതിവഴിയില്‍ എല്ലാം തകിടം മറിക്കുകയായിരുന്നു.
അപകടത്തില്‍ ബസ്സിന്റെ വലതുവശവും ഉള്‍വശവും ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. ഈ ഭാഗത്തിരുന്നവരാണ് മരിച്ചവരില്‍ ഏറേയും. മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷംരൂപ വീതവും പരിക്കേറ്റവര്‍ക്ക് ചികില്‍സാസൗകര്യവും നല്‍കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. കേരളത്തില്‍നിന്ന് ഗതാഗതവകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍,പാലക്കാട്, ആലത്തൂര്‍ എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, രമ്യഹരിദാസ്, ഷാഫി പറമ്പില്‍ എം.എല്‍.എ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി. ഭാരത് ബെന്‍സിന്റെ പതിനാലു ചക്രമുള്ള ടോറസ്‌ലോറി എറണാകുളത്തുനിന്ന് കപ്പലിലെത്തിയ ടൈല്‍സുകളടങ്ങിയ പെട്ടികളുമായി പോകുകയായിരുന്നു. ലോറിയുടെ ടയറുകളിലൊന്ന് ഡിവൈഡറിലിടിച്ച് വന്‍ശബ്ദത്തില്‍ പൊട്ടിയത് കേട്ടതായി യാത്രക്കാര്‍ പറഞ്ഞു. മരണത്തിനിരയായവര്‍ പലരും യുവാക്കളായ ബംഗളൂരുവിലെ ഐ.ടി ജോലിക്കാരാണ്.
മൃതശരീരങ്ങള്‍ പലതും അവയവങ്ങള്‍ വേര്‍പെട്ട നിലയിലായിരുന്നത് കാരണം തിരിച്ചറിയാന്‍ വൈകി. വാഹനാപകടത്തില്‍ തകര്‍ന്ന ബസ് പതിവായി ബംഗളൂരു- എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്നതാണ്. ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി ഗരീഷും കണ്ടക്ടര്‍ ബൈജുവുമാണ് ഈ ബസ്സില്‍ ജോലി ചെയ്തിരുന്നത്. രണ്ടുദിവസം മുമ്പ് ബംഗളൂരുവിലേക്ക് പോയ ബസ്് ചൊവ്വാഴ്ച അവിടെനിന്ന് തിരിച്ചുവരേണ്ടതായിരുന്നു. എന്നാല്‍ മതിയായ യാത്രക്കാരില്ലാത്തതിനാല്‍ ട്രിപ്പ് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ബംഗളൂരു- പാലക്കാട് റൂട്ടിലെ ദേശീയപാത 544 ല്‍ സ്ഥിരമായി അപകടം ഉണ്ടാകാറുണ്ട്. ഇന്നലെ അപകടംനടന്ന സ്ഥലം വിജനമായ പ്രദേശമാണ്. ഇവിടെനിന്ന് മൂന്നുകിലോമീറ്റര്‍ അകലെയാണ് ജനവാസപ്രദേശം. അവിനാശി പട്ടണം 14 കിലോമീറ്റര്‍ അകലേയും. പരിക്കേറ്റവരെയും മൃതദേഹങ്ങളും സമീപത്തെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും എത്തിയാണ് ആസ്പത്രികളിലേക്ക് എത്തിച്ചത്. അവിനാശി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിക്കേറ്റവരെ തിരുപ്പൂര്‍ ജില്ലാ ആസപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം; ജീവനക്കാര്‍ക്ക് 30 ലക്ഷം
തിരുവനന്തപുരം: അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം കെ.എസ്.ആര്‍. ടി.സി ധനസഹായം നല്‍കും. അടിയന്തരമായി രണ്ട് ലക്ഷം രൂപ വീതവും ബാക്കി തുക പിന്നീടും നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. മരിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം നല്‍കും. കെ.എസ്.ആര്‍.ടി.സിയുടെ ഇന്‍ഷൂറന്‍സ് തുകയാണ് കൈമാറുകയെന്നും മന്ത്രി പറഞ്ഞു.