അമ്മയെ വെട്ടിനുറുക്കി മകന്‍ ചോര കുടിച്ചു

റായ്പൂര്‍: അമ്മയെ വെട്ടിനുറുക്കി കൊലപ്പെടുത്തി ചോര കുടിച്ച് മകന്റെ നരബലി. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി ദിലീപ് യാദവ് എന്നയാളാണ് അമ്മ സുമരിയയെ (50) കൊലപ്പെടുത്തിയത്. സംഭവത്തിന് ദൃക്‌സാക്ഷിയായ സ്ത്രീയാണ് മൂന്ന് ദിവസത്തിന് ശേഷം കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.

്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു സംഭവത്തിനു ദൃക്‌സാക്ഷിയായ രാംകചര്‍ ഗ്രാമത്തിലെ സമീറന്‍ യാദവ് പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചത്. അയല്‍ക്കാരിയായ സുമരിയയുടെ വീട്ടില്‍ പതിവു സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇവര്‍ കൊലപാതകത്തിനു ദൃക്‌സാക്ഷിയായത്.

വീടിനടുത്തെത്തിയപ്പോള്‍ അസാധാരണ ശബ്ദങ്ങള്‍ കേട്ടു. അടുത്തെത്തിയപ്പോള്‍ കോടാലി ഉപയോഗിച്ച് മകന്‍ അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുന്നതാണു കണ്ടത്. മുറിവുകളില്‍നിന്ന് രക്തം പുറത്തുവന്ന് സുമരിയ പ്രാണവേദനയില്‍ പുളയുമ്പോള്‍ മകന്‍ രക്തം കുടിക്കുകയായിരുന്നു. മൃതദേഹം ചെറുകഷണങ്ങളായി വെട്ടിനുറുക്കിയശേഷം തീയിലേക്കെറിഞ്ഞു കത്തിച്ചു. ഭയന്നതിനാല്‍ കുറച്ചുദിവസത്തേക്ക് ആരോടും ഒന്നും പറയാന്‍ സാധിച്ചില്ലെന്നു സമീറന്‍ പറയുന്നു. രണ്ട് ദിവസങ്ങള്‍ക്കു ശേഷം മരുമകനോടു കാര്യം പറഞ്ഞു. ഇതിനു ശേഷമാണ് സംഭവം പൊലീസില്‍ അറിയിച്ചത്. വെള്ളിയാഴ്ച കൊല്ലപ്പെട്ട സുമരിയയുടെ വീട്ടിലെത്തിയ പൊലീസിന് ചാരവും കരിഞ്ഞ എല്ലിന്‍ കഷണങ്ങളുമാണു ലഭിച്ചത്. ചുവരിലും തറയിലും രക്തക്കറകളും ഫോറന്‍സിക് സംഘം കണ്ടെത്തി. പൂജാസാധനങ്ങളും മാംസാവശിഷ്ടങ്ങളും കൂടി കണ്ടെടുത്തതോടെ സംഭവം നരബലിയാണെന്ന നിഗമനത്തിലാണു പൊലീസ്.

താന്ത്രിക കര്‍മങ്ങള്‍ക്കായുള്ള പുസ്തകങ്ങളും വീട്ടില്‍നിന്നു കണ്ടെത്തി. പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അച്ഛന്റെയും സഹോദരന്റെയും മരണത്തിലും ഭാര്യ വിട്ടുപോയതിലും ദിലീപ് അമ്മയെ കുറ്റപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായുണ്ടായ അന്ധവിശ്വാസം ഇയാളെ ദുര്‍മന്ത്രവാദത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം.

SHARE