സംഘര്‍ഷത്തില്‍ പരിക്കേറ്റ 20 പേരില്‍ 17 പേര്‍ മരിച്ചതായി ഇന്ത്യന്‍ സൈന്യം

ഇരുപതിലേറെ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി; 43 ചൈനീസ് സൈനികര്‍ക്കും നാശം സംഭവിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ഇരുപതിലേറെ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണനിരക്ക് കൂടിയേക്കാമെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായത്. ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. വിജയവാഡ സ്വദേശിയ കേണല്‍ ബി സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി ശിപായിയായ ഓജ എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. എ്ന്നാല്‍ ഇതിനുപിന്നാലെയാണ് സംഘര്‍ഷത്തിന്റെ തോത് വര്‍ദ്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

എന്നാല്‍ പരിക്കേറ്റ 20 പേരില്‍ 17 പേര്‍ മരിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

അതേസമയം, സംഘര്‍ഷത്തില്‍ ചൈനീസ് പക്ഷത്തിനും വന്‍ ആള്‍നാശമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചൈനീസ് ഭാഗത്ത് നിന്നും 43 പേര്‍ മരിക്കുകയോ അല്ലെങ്കില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പിന്നാലെ പുറത്തുവരുന്നത്. കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും ചൈനയ്ക്കും ആള്‍നാശം ഉണ്ടായതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പത്തിലേറെ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്തെത്തി. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്ന് വിദേശ കാര്യ മന്ത്രാലയം വിമര്‍ശിച്ചു. നിയന്ത്രണ രേഖ മറികടക്കാന്‍ ചൈന ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഈ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും പുലരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിലേക്ക് നീങ്ങണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ ആറിന് ഇരുരാജ്യങ്ങളും സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചകളില്‍ തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ ധാരണ ലംഘിച്ചത് ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ചൈനീസ് സേന ഏകപക്ഷീയമായി ഇന്ത്യന്‍ ഭാഗത്തേക്ക് വന്നതുകൊണ്ടും ഇന്ത്യയുമായുണ്ടാക്കിയ സമവായം ലംഘിച്ചതുകൊണ്ടുമാണ് പ്രശ്നങ്ങളുണ്ടായതെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.

സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗങ്ങളിലും ആള്‍നാശം സംഭവിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകണമെന്ന ആഗ്രഹമാണുള്ളത്. ഇന്ത്യ ഒരിക്കലും നിയന്ത്രണ രേഖ കടക്കില്ല. അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ടുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഈ ധാരണ ചൈനയും മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ സംഘര്‍ഷം നടന്ന ഗാല്‍വാന്‍ താഴ്വരയില്‍നിന്ന് ചൈന പിന്‍മാറിയെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ സൈനികരും പ്രദേശത്തുനിന്ന് പിന്‍മാറിയിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം ചൈനയുടെ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.