കര്‍ണാടകയിലെ തടാകത്തില്‍ അരലക്ഷത്തോളം മീനുകള്‍ ചത്തുപൊങ്ങി

കര്‍ണാടകയിലെ കെങ്കേരിയ്ക്ക് സമീപം കൊമ്മഗട്ട തടാകത്തില്‍ ഏകദേശം 50,000 ത്തോളം മീനുകള്‍ ചത്തു പൊങ്ങി. തടാകത്തിലെ ജലമലിനീകരണമാവാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

37 ഏക്കറോളം വിസ്തൃതിയുള്ള കൊമ്മഗട്ട തടാകത്തില്‍ ഇക്കൊല്ലം രണ്ടാമത്തെ തവണയാണ് ഇത്രയധികം മീനുകള്‍ ചത്തുപൊങ്ങുന്നത്. സമീപത്തുള്ള വസ്ത്രനിര്‍മ്മാണശാലകളില്‍ നിന്നുള്ള രാസവസ്തുക്കളടങ്ങിയ മലിനജലം കായലിലേക്ക് ഒഴുക്കി വിടുന്നതാണ് ഇതിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ചത്ത മത്സ്യങ്ങളെ കായല്‍ക്കരയില്‍ തന്നെ കുഴിച്ചുമൂടി. അധികൃതര്‍ പലരും പരിശോധനയ്‌ക്കെത്തുന്നുണ്ടെങ്കിലും ഇതു വരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

SHARE