ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്‌സല്‍ ആക്രമണത്തില്‍ ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് സംഭവം. ഏഴ് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം കടന്നുപോകുമ്പോള്‍ റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ നക്‌സലുകള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

ഛത്തീസ്ഗഡ് ആംഡ് ഫോഴിസിലേയും ദന്തേവാഡ ജില്ലാ ഫോഴ്‌സിലേയും ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ ഏറ്റവും കൂടുതല്‍ നക്‌സല്‍ സാന്നിധ്യമുള്ള മേഖലയാണ് ദന്തേവാഡ. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സൈനികര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

ഏപ്രില്‍ തുടക്കത്തില്‍ ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയില്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

SHARE