വാര്‍ധക്യസഹജ രോഗം: എട്ടു വയസുകാരി മരിച്ചു

കീവ്: എട്ടുവയസുകാരിക്ക് വാര്‍ധക്യസഹജ രോഗം കാരണം മരണം. അത്യപൂര്‍വ ജനിതക വൈകല്യം മൂലം എട്ടുവയസുകാരിയായ യുക്രെയ്ന്‍ സ്വദേശിനി അന്ന സാകിദോനാണ് മരിച്ചത്. കഴിഞ്ഞ മാസമാണ് കുട്ടിക്ക് എട്ട് വയസ് പൂര്‍ത്തിയായത്. എന്നാല്‍ 80ന് അടുത്ത് പ്രായമുള്ളവര്‍ നേരിടുന്ന തരത്തിലുള്ള നിരവധി വാര്‍ധക്യ സഹജ രോഗങ്ങളുമായി കുട്ടി മല്ലിടുകയായിരുന്നു. നിരവധി ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതാണ് മരണ കാരണം. ഇങ്ങനെ അസാധാരണ രോഗം പിടിപെടുന്നവരുടെ ഒരു വയസ് പത്ത് വയസിനു തുല്യമായ രീതിയിലായിരിക്കും. മറ്റ് അവയവങ്ങള്‍ ക്രമാധീതമായി വളരുമ്പോള്‍ എല്ലുകള്‍ വളരെ സാവധാനത്തിലായിരുന്നു അന്നയില്‍ വളര്‍ന്നത്. അന്നക്ക് മൂന്നു വയസുള്ളപ്പോള്‍ വീഡിയോയിലൂടെ അമ്മയായ ഇവാന ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. വെളിച്ചം പേടിയായതിനാല്‍ ഇരുട്ടില്‍ മാത്രമേ പുറത്തു പോകാറുണ്ടായിരുന്നുള്ളൂ. ഇത്തരം രോഗികളെ കുറിച്ച് ഗവേഷണം നടത്തിയ നെതര്‍ലന്‍ഡ്‌സ് ഗവേഷകര്‍ പറയുന്നത് രണ്ട് കോടിയില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരം രോഗ സാധ്യതയുള്ളൂ എന്നാണ്. ലോകത്ത് ഇതുവരെ 160 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

SHARE