ഭരണകൂടം കയ്യൊഴിഞ്ഞ ജനതക്ക് സഹായഹസ്തവുമായി 80കാരന്‍ പോര്‍ട്ടറുപ്പാപ്പ

ഭരണകൂടം കയ്യൊഴിഞ്ഞ ഒരു ജനതക്ക് തന്നാലാവുന്ന സഹായവുമായി 80കാരന്‍ മുജീബുള്ള റഹ്മാന്‍. ലഖ്‌നൗ റെയില്‍വേ പ്ലാറ്റ്‌ഫോമിലെ പോര്‍ട്ടറാണ് ഇദ്ദേഹം.ഇദ്ദേഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരവും. കാതങ്ങള്‍ നടന്ന് തളര്‍ന്ന് നാട്ടിലേക്കുള്ള ട്രെയിന്‍ പിടിക്കാനെത്തിയവര്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും കുടിയേറ്റത്തൊഴിലാളികളുടെ ലഗേജുകള്‍ ബോഗികളില്‍ എത്തിച്ചു നല്‍കുകയാണ് അദ്ദേഹം. അതും തീര്‍ത്തും സൗജന്യമായി. അവശ്യ സമയത്ത് കഴുത്തറപ്പന്‍ കൂലി ചോദിക്കാനുള്ള സാധ്യതകളെയെല്ലാം തള്ളിയാണ് ഈ സേവനം.

ദിവസം എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ ജോലിയെടുക്കാറുണ്ടത്രെ അദ്ദേഹം. 50 കിലോ വരെ തനിക്ക് ചുമക്കാന്‍ സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു.’ട്രെയിനില്‍ വന്നിറങ്ങുന്നവരുടെ സാധനമെടുത്ത് ട്രോളിയില്‍ വെച്ച് സ്‌റ്റേഷന് പുറത്ത് നിര്ത്തിയിട്ടിരിക്കുന്ന അവര്‍ക്ക് പോവാനുള്ള ബസില്‍ എത്തിച്ചു കൊടുക്കുന്നു. പിന്നെ അവരോട് വീട്ടില്‍ പോവൂ കൊറോണയില്‍ നിന്ന് സുരക്ഷിതരായിരിക്കൂ എന്നു പറയും’ ജോലിയെന്തെന്ന് ചോദിച്ച റിപ്പോര്‍ട്ടറോട് ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു. ഇത് സേവനമല്ലെന്നും മനുഷ്യന്‍ മനുഷ്യനെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

SHARE