പാകിസ്ഥാന്‍ വ്യോമസേനയില്‍ ജനറല്‍ ഡ്യൂട്ടി പൈലറ്റായി ഹിന്ദു യുവാവിനെ നിയമിച്ചു

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ വ്യോമസേനയില്‍ ഹിന്ദു യുവാവിനെ പൈലറ്റായി നിയമിച്ചു. രാഹുല്‍ ദേവ് എന്ന യുവാവിനെയാണ് വ്യോമസേനയില്‍ ജനറല്‍ ഡ്യൂട്ടി പൈലറ്റ് ഓഫീസറായി നിയമിച്ചത്. സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ സ്വദേശിയാണ് രാഹുല്‍ ദേവ്. ഹിന്ദു മതവിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ പാകിസ്ഥാനിലെ വ്യോമസേനാ പൈലറ്റ് സ്ഥാനത്തെത്തുന്നത്.

നിയമനത്തില്‍ ഓള്‍ പാകിസ്ഥാന്‍ ഹിന്ദു പഞ്ചായത്ത് സെക്രട്ടറി രവി ദവാനി സന്തോഷം അറിയിച്ചു. രാജ്യത്ത് ന്യൂനപക്ഷ സമുദായത്തിലെ നിരവധി അംഗങ്ങള്‍ സിവില്‍ സര്‍വീസിലും സൈന്യത്തിലും സേവനം അനുഷ്ഠിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിരവധി ഡോക്ടര്‍മാര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. ന്യൂനപക്ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ നിരവധി രാഹുല്‍ ദേവന്മാര്‍ രാജ്യത്തെ സേവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE