വാട്‌സാപ്പിനെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നീക്കം; പുതിയ ആപ്പ് വരുന്നു


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വാട്‌സാപ്പിന് പകരമായി ഒരു ബദല്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. മെച്ചപ്പെട്ട രഹസ്യാത്മകതയും സുരക്ഷയും നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ തമ്മിലുള്ള ഔദ്യോഗിക ആശയ വിനിമയത്തിനായാണിത്. പ്ലാറ്റ്‌ഫോമിനെ ജിംസ് എന്നാണ് വിളിക്കുന്നത്. സ്വകാര്യ ചാറ്റുകളില്‍ ഒളിഞ്ഞുനോക്കാന്‍ പെഗാസസ് എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച സമീപകാല സൈബര്‍ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നറിയുന്നു.

ഔദ്യോഗിക കാര്യങ്ങള്‍ കൈമാറാന്‍ ഇപ്പോഴും സ്വകാര്യ കമ്പനികളുടെ ആപ്പുകളും സേവനങ്ങളുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്. ഇതിന് അറുതി വരുത്താനായി പുതിയ ആപ് ടെസ്റ്റിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റ് മെസേജിങ് സിസ്റ്റം അഥവാ ജിംസ് എന്നാണ് ഈ ആപ്പിന്റെ കോഡ് നാമം. വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ മാതൃകയിലായിരിക്കും പുതിയ ആപ്പിന്റെ സൃഷ്ടി. ഒഡിഷ അടക്കം ഏതാനും സംസ്ഥാനങ്ങളില്‍ ആപ്പിന്റെ പൈലറ്റ് ടെസ്റ്റിങ് നടക്കുകയാണ്.

നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്റര്‍ അഥവാ എന്‍ഐസിയുടെ കേരളത്തിലെ വിഭാഗമാണ് ആപ്പിന്റെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്നത്. കേന്ദ്രസംസ്ഥാന ജീവനക്കാര്‍ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലേക്കും മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും ഇതുപയോഗിച്ചായിരിക്കും സന്ദേശങ്ങള്‍ കൈമാറുക. വാട്‌സാപ്പിന്റെയും മറ്റും രീതിയില്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനും ഇണക്കിയായിരിക്കും ആപ് ഉദ്യോഗസ്ഥരുടെ കൈകളില്‍ എത്തുക.

SHARE