കൊല്ലപ്പെട്ടത് 176 പേര്‍; ഉക്രെയിന്‍ വിമാനം ഇറാന്‍ വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഇറാനില്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു വീണ ഉക്രെയിന്‍ വിമാനത്തിലെ കൊല്ലപ്പെട്ട ആളുകളുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ ബന്ധുക്കള്‍ പൂക്കളും മെഴുകുതിരികളും വെച്ചപ്പോള്‍

ടെഹ്‌റാന്‍: കഴിഞ്ഞ ദിവസം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉക്രെയിന്‍ വിമാനം തകര്‍ന്നത് തങ്ങളുടെ സൈന്യത്തിന്റെ വേടിയേറ്റാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഇതൊരു ആക്രമണമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് ഇറാന്റെ വിശദീകരണം.

176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സുപ്രധാന സൈനിക കേന്ദ്രത്തിന് സമീപത്ത് കൂടിയാണ് വിമാനം പറന്നതെന്നും അതുകൊണ്ടാണ് വെടിവെപ്പുണ്ടായതെന്നും ഇറാന്‍ സൈനിക മേധാവിയെ ഉദ്ധരിച്ച് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

മാനുഷികമായ പിഴവുമൂലം, തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ഇറാന്‍ സൈനികരുടെ വീഴ്ച അംഗീകരിക്കുന്നതായി പ്രസിഡന്റ് ഹസന്‍ റൂഹാനി ട്വീറ്റ് ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റൂഹാനി ട്വീറ്റ് ചെയ്തു.

യുക്രൈന്‍ വിമാനത്തില്‍ മിസൈല്‍ പതിക്കുന്നതിന്റെ വീഡിയോ. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്

അതേസമയം, ഇറാനെതിരെ കാനഡയടക്കം നിരവധി രാജ്യങ്ങള്‍ തെളിവുകളുമായി രംഗത്തെത്തയതോടെയാണ് ഇറാന്‍ വീഴ്ച സമ്മതിച്ചത്. നേരത്തെ വിമാനം ഇറാന്‍ തകര്‍ത്തതാണെന്ന് യു.എസും കാനഡയും ആരോപിച്ചിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല.

ഇറാനില്‍ അപകടത്തില്‍പെട്ട വിമാനം മിസൈലിട്ട് വീഴ്ത്തിയതാണെന്നെതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നാണ് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയത്. ഇറാന്റെ ഉപരിതലത്തില്‍ നിന്ന് മിസൈല്‍ ഉപയോഗിച്ച് ഉക്രെയ്ന്‍ വിമാനം മിസൈല്‍ ആക്രമണത്തില്‍ വീണതായി രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും വിവരം ലഭിച്ചതായും ട്രൂഡോ ഒട്ടാവയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് മനപൂര്‍വമല്ലാതിരിക്കാം എന്നാലും സംഭവത്തില്‍ വ്യക്തവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു. വിമാനപകടത്തില്‍ കൊല്ലപ്പെട്ട 176 പേരില്‍ 63 പേര്‍ കനേഡിയക്കാരാണ്. 168 യാത്രക്കാരില്‍ മൂന്ന് ബ്രിട്ടിഷുകാരുമുണ്ട്.

ഇറാനില്‍ തകര്‍ന്നുവീണ ഉക്രെയിന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ കൂടെ മിസൈലിന്റെ ഭാഗങ്ങളും കണ്ടെത്തിയത് അന്നേദിവസം തന്നെ ഊഹാപോഹങ്ങള്‍ക്ക് കാരണമായിരുന്നു. വമിസൈലിന്റെ ഭാഗങ്ങള്‍ കൂടിയുള്ള ചിത്രങ്ങള്‍ സഹിതമാണ് ട്വിറ്ററില്‍ പോസ്റ്റുകള്‍ പ്രചരിച്ചത്. എന്നാല്‍, വിമാനം വെടിവച്ചിട്ടതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇറാന്റെ നേരത്തെയുള്ള പ്രതികരണം.

ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പോവുകയായിരുന്ന വിമാനം, എയര്‍പോര്‍ട്ടില്‍ നിന്നു 45 കിലോമീറ്റര്‍ ദൂരെ പാടത്താണ് തകര്‍ന്നു വീണത്. മരിച്ച 176 പേരില്‍ 81 സ്ത്രീകളും 15 കുട്ടികളും 9 ജീവനക്കാരും ഉള്‍പ്പെടുന്നു. ഇവര്‍ ഇറാന്‍, കാനഡ, യുക്രെയ്ന്‍, സ്വീഡന്‍, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇറാഖിലെ അമേരിക്കല്‍ സൈനിക താവളങ്ങില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ അതേസമയത്താണ് ഇറാനില്‍ വിമാനം തകര്‍ന്നു വീണത്.