കുറ്റപ്പെടുത്തുന്നവരുടെ ഒപ്പം നില്‍ക്കലല്ല മന്ത്രിയുടെ പണി; ഗതാഗത മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിന് ഒപ്പം നില്‍ക്കലല്ല മന്ത്രിയുടെ പണിയെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതു തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആനത്തലവട്ടം ആവശ്യപ്പെട്ടു.