പ്രഖ്യാപനങ്ങളുമായി ഡല്‍ഹി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷം; തട്ടിപ്പെന്ന് കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: അധികാരത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും സൗജന്യ വൈഫൈ ലഭ്യമാക്കുമെന്നടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങളുമായി ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ഈ വര്‍ഷം തന്നെ വൈഫൈ നല്‍കുന്ന തീയതി പ്രഖ്യാപിക്കും. ഇതിനായി ബജറ്റില്‍ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചു. വനിതകളുടെ സുരക്ഷയുറപ്പാക്കുന്നതിനായി ഡല്‍ഹിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും കേജ്രിവാള്‍ പറഞ്ഞു. ആറ് മാസങ്ങള്‍ക്കുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കും. അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ എല്ലായിടത്തും സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന് എഎപി വാഗ്ദാനം ചെയ്തിരുന്നു.
ബജറ്റില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കുമായിരിക്കും മുന്‍ഗണന, ഡല്‍ഹിയിലെ റോഡുകളുടെയും കോളനികളിലെ മലിനജല ബഹിര്‍ഗമന സംവിധാനങ്ങളുടെയും നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തും, നഗരത്തിലെ മലിനീകരണത്തിന്റെ ഉറവിടം തിരിച്ചറിയുന്നതിന് ദിവസവും വായുശുദ്ധി പരിശോധന ഉറപ്പാക്കും. ഏതു മേഖലയിലാണ് മലിനീകരണം കൂടുതലെന്നു തിരിച്ചറിഞ്ഞു നടപടിയെടുക്കും. ഇതിനായി പ്രത്യേക യന്ത്രസംവിധാനങ്ങള്‍ സ്ഥാപിക്കും, മലിനീകരണത്തെ ചെറുക്കാന്‍ നഗരത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ സര്‍ക്കാര്‍തല പദ്ധതി, വിവിധ ആവശ്യങ്ങള്‍ക്കായി റോഡു കുഴിക്കുന്ന ഏജന്‍സികള്‍ തന്നെ അവിടെ അറ്റകുറ്റപ്പണി നടത്തണമെന്നു നിര്‍ദേശിക്കും തുടങ്ങിയവയാണ് മറ്റു പ്രഖ്യാപനങ്ങള്‍. അതേസമയം ഇവയെല്ലാം നുണപ്രചാരണമാണെന്ന വാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മൂന്ന് വര്‍ഷം കൊണ്ട് എല്ലാ മേഖലയും തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബുക്ക്‌ലെറ്റും പുറത്തിറക്കി. അധ്യാപക ഒഴിവുകള്‍, സര്‍ക്കാര്‍ വിദ്യാലങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, ഒറ്റ – ഇരട്ട പദ്ധതിയുടെ പരാജയം, മെട്രോ ചാര്‍ജ് വര്‍ധന, അഴിമതി തുടങ്ങി നിരവധി ആരോപണങ്ങളും പാര്‍ട്ടി ഉന്നയിച്ചു.

SHARE