116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി എഎപി

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ എഎപിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെ എ.എ.പി രംഗത്ത്. ഇരട്ട പദവി വഹിക്കുന്ന മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് എ.എ.പി ആവിശ്യപ്പെട്ടു.

2016 ജൂലൈ 4ന് ബിജെപി എംഎല്‍എമാരുടെ ഇരട്ടി പദവി സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് എഎപി മധ്യപ്രദേശ് കണ്‍വീനര്‍ അലോക് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ ബിജെപിക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രണ്ട് നീതിയാണ്. മധ്യപ്രദേശില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഇരട്ട പദവി വഹിക്കുന്നുണ്ട്. മന്ത്രിമാരായ പരസ് ജെയ്‌നും ദീപക് ജോഷിയും ഇന്ത്യന്‍ സ്‌കൌട്ട് ആന്റ് ഗൈഡിന്റെ ചുമതല വഹിക്കുന്നുണ്ടെന്നും അലോക് അഗര്‍വാള്‍ പറഞ്ഞു.

രണ്ട് മന്ത്രിമാരുടെ ഇരട്ട പദവി വിഷയം കോണ്‍ഗ്രസും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് ജെ പി ധനോപ്യ വ്യക്തമാക്കി.

20 എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് 20 പേരെയും അയോഗ്യരാക്കുന്നുതിനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചത്.

ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുപത് എംഎല്‍എമാരേയും അയോഗ്യരാക്കിയത്. 2015 മാര്‍ച്ചിലാണ് 21 പേരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ഒരു അഭിഭാഷകനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

70 അംഗ നിയമസഭയില്‍ 4 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 20 മണ്ഡലങ്ങളില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും. എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് എം.എല്‍.എമാരുടെ എണ്ണം 46 ആയി.

SHARE