കൊച്ചി: ബെംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന്പി.ഡി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅ്ദനിയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഇതുവരെ തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് വിചാരണ നീട്ടിക്കൊണ്ടുപോയി മോചനം അസാധ്യമാക്കുകയാണ്.
രണ്ടു പതിറ്റാണ്ടാകുന്ന ജയില്‍വാസം മൂലം നിരവധി രോഗങ്ങള്‍ മഅ്ദനിയെ ശാരീരികമായി തളര്‍ത്തി. കൈകാലുകള്‍ക്ക് മരവിപ്പും തലക്ക് വിങ്ങലും കടുത്ത വേദനയും മൂലം തീരെ അവശനാണ്.
വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലുള്ള എം.എസ്. രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിക്കും. കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൊടുത്ത ഉറപ്പ് പാലിക്കുക, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുക, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.