സമത്വം ഉറപ്പാക്കലാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വം: അബ്ദുസമദ് സമദാനി

കോഴിക്കോട്: സ്ഥിതിസമത്വവും അവസരസമത്വവും ഉല്‍ഘോഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാനപരമായ തത്വമെന്ന് മുന്‍ രാജ്യസഭാംഗവും മുസ്്‌ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റുമായ എം.പി അബ്ദു സമദ് സമദാനി പറഞ്ഞു. റിപ്പബ്ലിക്കന്‍ സംവിധാനത്തിന്റെ നിലനില്പ് തന്നെ ആരോടും ഒരു വിവേചനവും കല്പിക്കാത്ത മനുഷ്യസമത്വത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. വിശ്വോത്തരമായ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത ജനാധിപത്യവും മതേതരത്വവുമായത് ഈ മൗലികമൂല്യം നിര്‍ബന്ധമായും പാലിക്കപ്പെടുന്നതിന് വേണ്ടിയാണ്. കോഴിക്കോട് ഇന്ത്യന്‍നസ് അക്കാദമിയിലെ റിപ്പബ്ലിക് ദിനപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സമദാനി.

ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വം മത, ജാതി, വംശ, ഭാഷാ വിഭാഗീയതകള്‍ക്കെല്ലാം അതീതമാണ്. സ്വതന്ത്ര ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ എല്ലാ വിഭാഗം ജനങ്ങളുംകൂടി കെട്ടിപ്പടുത്തതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ദേശീയതയുമെല്ലാം രാജ്യത്തിന്റെ സമ്മിശ്രസംസ്‌കാരം എന്ന യാഥാര്‍ഥ്യത്തിന്റെ ഒന്നാം തരം ഉദാഹരണങ്ങളായിരിക്കുന്നു. അതിന്റെ സിദ്ധാന്തവും ആവിഷ്‌കാരവുമായിരിക്കുന്ന ഭരണഘടനയുടെ ആത്മാവാണ് ബഹുസ്വരത. ബഹുസ്വരത സംരക്ഷിച്ചുകൊണ്ടല്ലാതെ ഭരണഘടന നടപ്പാക്കാനാവില്ലെന്നും സമദാനി പറഞ്ഞു.