സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ ഭയപ്പെടുത്തുന്നു; പ്രധാനമന്ത്രിക്ക് കത്തെഴുതി ആക്റ്റിവിസ്റ്റുകള്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ക്കുനേരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ ഭയപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആക്റ്റിവസ്റ്റുകളുടെ കത്ത്. ബിജെപി നേതാക്കളുടെ പ്രസംഗം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. 175-ഓളം ആക്റ്റിവിസ്റ്റുകളും നിരവധി വനിതാ സംഘടനകളുമാണ് മോദിക്ക് കത്തെഴുതിയിരിക്കുന്നത്.

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികളുടെ സമരങ്ങള്‍ക്ക് നേരേയും സ്ത്രീകള്‍ക്ക് നേരേയും ആക്രമണങ്ങള്‍ ഉണ്ടായി.

സാമ്പത്തിക വിദഗ്ധ ദേവകി ജെയിന്‍, മനുഷ്യാവകാശ പ്രവര്‍ത്തക ലൈല ത്യാബ്ജി, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ മധു ഭാദുരി, ലിംഗ സമത്വത്തിനായി പ്രവര്‍ത്തിക്കുന്ന കമല ഭാസിന്‍, എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കത്തെഴുതിയത്. ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ (എഐപിഡബ്ല്യുഎ), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ (എന്‍എഫ്‌ഐഡബ്ല്യു) എന്നീ സംഘടനകളുടെ നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

SHARE