കൊച്ചി: ‘അമ്മ’ വിവാദങ്ങളില്‍ യുവനടന്‍മാര്‍ മൗനം പാലിക്കുമ്പോള്‍ പ്രതികരണവുമായി നിവിന്‍ പോളി രംഗത്ത്. താരസംഘടനയായ ‘അമ്മ’യെടുക്കുന്ന തീരുമാനങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നുവെന്ന് നിവിന്‍പോളി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി നിലപാട് വ്യക്തമാക്കിയത്.

‘അമ്മ’യിലെ ഒരു അംഗം എന്ന നിലയില്‍ സംഘടനയുടെ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നു. താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ല. അതിനാല്‍ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിവിന്‍ പറഞ്ഞു.

നേരത്തെ, വിഷയത്തില്‍ യുവതാരങ്ങള്‍ ആരും തന്നെ പ്രതികരിച്ചില്ലെന്ന് നടി രേവതി പറഞ്ഞിരുന്നു. തുടര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ മമ്മുട്ടി സ്ത്രീവിരുദ്ധനല്ലെന്നും സിനിമ നോക്കി ബാപ്പച്ചിയെ കാണരുതെന്നും പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാലുനടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനവും വിവാദമായി. നടിമാരുമായുള്ള അമ്മ ഭാരവാഹികളുടെ ചര്‍ച്ച ഈ മാസമാണ് തീരുമാനിച്ചിരിക്കുന്നത്.