വിലയില്‍ 30 ലക്ഷം കുറച്ചു; പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു

കൊച്ചി: വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജ് വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ തടഞ്ഞു. രജിസ്‌ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആര്‍ടി ഓഫിസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ ആഢംബര കാറിന്റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ഥ വില 1.64 കോടിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ തടഞ്ഞത്.

1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്. എന്നാല്‍ 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്‌കൗണ്ട്’ ഇനത്തില്‍ വില കുറച്ചു നല്‍കിയതാണെന്നാണ് ഡീലര്‍ പറയുന്നത്.

പക്ഷേ ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്കു യഥാര്‍ഥ വിലയുടെ 21 ശതമാനം നികുതി അടക്കണമെന്നാണ് നിയമം. അതുകൊണ്ട് ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടക്കാതെ വാഹനം രജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടര്‍ വാഹന വകുപ്പ്.

SHARE