റോഡില്‍ കൂട്ടംകൂടരുതെന്ന് പറഞ്ഞു; നടന്‍ റിയാസ്ഖാന് മര്‍ദ്ദനവും വധഭീഷണിയും

ചെന്നൈ: റോഡില്‍ കൂട്ടംകൂടരുതെന്ന് പറഞ്ഞതിന് നടന്‍ റിയാസ്ഖാന് മര്‍ദ്ദനവും വധഭീഷണിയും. തന്റെ വീടിന് മുന്നിലെ റോഡില്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നവരോട് സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞതിനാണ് റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റത്. താരത്തിന്റെ ചെന്നൈ പനൈയൂരിലെ വീടിന് സമീപമാണ് സംഭവം. റിയാസ് ഖാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ കാര്യം പങ്കുവെച്ചത്. സംഭവത്തെ കുറിച്ച് ഒരു തമിഴ് പത്രത്തില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്താണ് താരം ഈ കാര്യം അറിയിച്ചത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ താരം അഭിനയിക്കുന്നുണ്ട്. വിദേശത്ത് ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ താരം ചെന്നൈയിലെ വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് ഈ സംഭവം നടന്നത്.

പ്രഭാതസവാരിക്ക് വീടിന് പുറത്തേക്കിറങ്ങിയ താരം തന്റെ വീടിന്റെ മതിലിന് പുറത്ത് പത്തിലേറെപ്പേര്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരോട് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ ക്ഷുഭിതരായ സംഘം താരത്തെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. സംഘത്തിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ താരം സമീപത്തെ ആശുപത്രിയില്‍
ചികിത്സ തേടിയതിന് ശേഷം കാനത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നല്‍കി.

SHARE