മകന് പേര് ‘തഹാന്‍’; കാരണം വെളിപ്പെടുത്തി ടോവിനോ

കൊച്ചി: മകന് തഹാന്‍ എന്ന് പേരിട്ടതിന്റെ പിറകിലെ കാരണം വെളിപ്പെടുത്തി നടന്‍ ടോവിനോ തോമസ്. കുഞ്ഞ് ജനിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് പേരിലെ കൗതുകം ടോവിനോ പങ്കുവെക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കുടുംബവിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

‘പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അര്‍ഥമുണ്ടാകണമെന്നും ഞാന്‍ ആഗ്രഹിച്ചു. തഹാന്‍ എന്നാല്‍ കരുണയുള്ളവന്‍ എന്നാണ്. തഹാന്‍ ടൊവിനോ എന്നതും നന്നായി തോന്നി. അത് ഒരു ഹിന്ദു, ക്രിസ്ത്യന്‍ അല്ലെങ്കില്‍ മുസ്ലീം പേരാകാം; അത് ഒരു അറബി അല്ലെങ്കില്‍ ഇന്ത്യന്‍ പേരാകാം. അതാണ് ഞങ്ങള്‍ക്ക് ഈ പേര് ഇഷ്ടപ്പെടാന്‍ കാരണം. വീട്ടില്‍, ഞങ്ങള്‍ അവനെ ഹാന്‍ എന്ന് വിളിക്കുന്നു, അതായത് സൂര്യന്‍. ഇസ എന്ന പേരും വ്യത്യസ്തമാണ്. ഇതിനര്‍ഥം പ്രസ്റ്റീജ് എന്നാണ്,’. ഇസ എന്നാണ് മകളുടെ പേര്.

തഹാനും ഭാര്യ ലിഡിയയും ഇപ്പോള്‍ ലിഡിയയുടെ വീട്ടിലാണെന്നും തന്റെ വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരമേ ഭാര്യയുടെ വീട്ടിലേക്കുളളൂവെന്നും ടൊവിനോ പറഞ്ഞു. ‘ഞാനും ഇസയും ദിവസവും അവിടെ പോകും. അവന് ഒരു മാസം ആയതേ ഉള്ളൂ. എപ്പോഴും ഉറക്കമാണ്. ഇസ ജനിച്ച സമയത്ത്, ഞാന്‍ എന്ന് നിന്റെ മൊയ്തീന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. അതിനാല്‍ പ്രസവ സമയത്തും, അതു കഴിഞ്ഞ് അടുത്ത മൂന്ന് മാസവും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ചെലവഴിക്കാന്‍ എനിക്ക് സാധിച്ചു. ഇക്കുറിയും അത് തന്നെ ആവര്‍ത്തിച്ചു.’അഭിമുഖത്തില്‍ ടൊവിനോ പറയുന്നു.

SHARE