നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളുടെ പരിശോധനാ ഫലം വരുന്നതുവരെ വിചാരണ നിര്‍ത്തിവെയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ വിചാരണ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ദിലീപിന്റെ അഭിഭാഷകനായ മുകുള്‍ റോത്തഗി ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. പരിശോധനാ ഫലം വരുന്നതിനു മുമ്പ് വിചാരണ നടപടികളുമായി മുന്നോട്ടുപോകുന്നത് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണതെന്നും റോത്തഗി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ദിലീപിന്റെ ഹര്‍ജി കോടതി പരിഗണിക്കും.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ദൃശ്യങ്ങളില്‍ ക്രിത്രിമത്വം ഉണ്ടോയെന്ന് ഫോറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു.

SHARE