നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മെമ്മറി കാര്‍ഡ് ഒരു രേഖയാണ്. മെമ്മറി കാര്‍ഡ് ഒരു വസ്തുവാണ്. അതിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ ഒരു രേഖയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ അറിയിച്ചു. രേഖയാണെങ്കിലും മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറരുത്. ഇരയുടെ സുരക്ഷിതത്വവും സ്വകാര്യതയും കണക്കാക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡ് തനിക്ക് കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

തൊണ്ടി മുതലാണോ അതോ രേഖയാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പകര്‍പ്പ് വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയത്. എന്നാല്‍ തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ചോരാനും ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ നേരിട്ടു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി അഭ്യര്‍ത്ഥിച്ചു.

SHARE