മുംബൈ: ഒരുമിച്ച് താമസിക്കുന്ന പെണ്‍കുട്ടിയോട് താമസം മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ടെലിവിഷന്‍ താരമായ നളിനി നേഗി രംഗത്ത്. പ്രീതി റാണ എന്ന പെണ്‍കുട്ടിയും അമ്മയും ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് നളിനി പറയുന്നു. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണ് നളിനി പരാതി നല്‍കിയിരിക്കുന്നത്.

രണ്ടു വര്‍ഷം മുമ്പാണ് നളിനി നേഗിക്കൊപ്പം പ്രീതിയെന്ന പെണ്‍കുട്ടി താമസിച്ചിരുന്നത്. എന്നാല്‍ പിന്നീട് നളിനി താമസം മാറുകയായിരുന്നു. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവര്‍ വീണ്ടും നളിനിയുടെ അരികിലെത്തുകയും താമസിക്കുകയും ചെയ്തു. എന്നാല്‍ തന്റെ കുടുംബം എത്തുന്നുവെന്ന് അറിയിച്ചുവെങ്കിലും രണ്ടുപേരും താമസം മാറാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതി.

ഇരുവരും ചേര്‍ന്ന് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തില്‍ നടിയുടെ മുഖത്ത് പരിക്കുകളുണ്ട്. നടിയുടെ പരാതിയില്‍ പെണ്‍കുട്ടിക്കും അമ്മക്കുമെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.