‘കടബാധ്യതമൂലമാണ് അഭിനയത്തിലേക്ക് തിരിച്ചുവന്നത്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള

വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച പഴയകാല നടി ചാര്‍മിള ജീവിതത്തിലെ പ്രയാസങ്ങളെക്കുറിച്ച് മനസ്സുതുറക്കുന്നു. മലയാളസിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ചാര്‍മിള സീരിയല്‍ താരം കിഷോര്‍ സത്യയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹമോചനത്തിനുശേഷം താന്‍ പൂര്‍ണ്ണമായും സമ്പാദ്യമൊന്നുമില്ലാത്തവളായെന്നും ജീവിക്കാന്‍ വേണ്ടിയാണ് അഭിനയരംഗത്ത് സജീവമായതെന്നും ചാര്‍മിള പറയുന്നു.

വിവാഹശേഷം ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു. അതിനാല്‍ തന്നെ വിവാഹമോചനത്തിന് ശേഷം ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലായി തീര്‍ന്നു. തമിഴിലെ താരസംഘടനയായ നടികര്‍ സംഘവും നടന്‍ വിശാലും ഒരു പാട് സഹായിച്ചുവെന്നും ചാര്‍മിള തുറന്ന് പറയുന്നു. വിവാഹ മോചനത്തിന് ശേഷം നഷ്ടങ്ങളെല്ലാം തനിക്ക് മാത്രമായിരുന്നു. അമ്മ കിടപ്പിലാണ്, ഷൂട്ടിന് പോകുമ്പോള്‍ അമ്മയെ നോക്കാനായി ഒരു ഹോം നഴ്‌സിനെ വച്ചിട്ടുണ്ടെന്നും ചാര്‍മിള പറയുന്നു.

സിനിമകളില്‍ അഭിനയിച്ച തനിക്ക് ഒരുപാട് കാശ് കയ്യിലുണ്ടായിരുന്നു. എന്നാല്‍ അതൊന്നും സൂക്ഷിച്ച് വെക്കാതെ ചിലവാക്കുകയായിരുന്നു. നിലവില്‍ ഷൂട്ടിങ്ങിന് പോയി വരുമ്പോള്‍ കടം തന്നവര്‍ തന്നെ തേടിയെത്തും. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് വീണ്ടും അഭിനയിച്ചേ മതിയാകൂവെന്ന നിലയിലാണ്. ലീസിനെടുത്ത വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ വീണ്ടും തയാറായതെന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തു.