മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം;സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി

മലപ്പുറം വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി. ഈ സംഭവം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വലിയ വീഴ്ചയാണ് കാണിക്കുന്നതെന്ന് രഞ്ജിനി പറഞ്ഞു. ക്ലാസ്സുകള്‍ മിസ് ചെയ്യുമ്പോള്‍ വലിയ മാനസിക പിരിമുറക്കത്തിലേക്ക് പോകുന്ന ദേവികയെപ്പോലെയുളള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്നു തിരിച്ചറിയാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനായില്ലെന്നും രഞ്ജിനി കുറിപ്പില്‍ വ്യക്തമാക്കി.

രഞ്ജിനിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തു തന്നെ വിജയകരമായി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാന്‍ സാധിച്ചു എന്ന് വീമ്പു പറയുകയാണ് കേരളം. എന്നാല്‍ ടിവിയോ ഇന്റര്‍നെറ്റോ വൈദ്യുതി പോലുമോ ചെന്നെത്താത്ത ഇവിടുത്തെ ഉള്‍ഗ്രാമങ്ങളിലെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചില്ല. അതില്‍ വലിയ വീഴ്ച്ച പറ്റി. എന്തിനാണ് സര്‍ക്കാര്‍ വിദ്യാര്‍ഥി ജീവിതങ്ങള്‍ വച്ച് പന്താടുന്നത്?

ആദ്യമായി, ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ ഈ മഹാമാരിക്കെതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തുന്നതിന്റെ ഓട്ടത്തിലാണ്. അതിനിടയില്‍ വെല്ലുവിളിനിറഞ്ഞ സാഹചര്യത്തില്‍ തിരക്കിട്ട് പരീക്ഷ നടത്തി. രണ്ടാമത്, കൃത്യം ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ കുട്ടികള്‍ക്കൊരു പൈലറ്റ് ടെസ്റ്റ് പോലും ചെയ്യാതെ. ക്ലാസുകള്‍ ആവര്‍ത്തിച്ചു കാണിക്കില്ലെന്നും റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതൊരു മത്സരമല്ല, ടിവി സീരിയലുകളുമല്ല. ഇത് വിദ്യാഭ്യാസമാണ്. ക്ലാസ്സുകള്‍ മിസ് ചെയ്യുമ്പോള്‍ വലിയ മാനസിക പിരിമുറക്കത്തിലേക്ക് പോകുന്ന ദേവികയെപ്പോലെയുളള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്നു തിരിച്ചറിയാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനായില്ല. ലോക്ഡൗണില്‍ നിന്നും ഘട്ടം ഘട്ടമായി പുറത്തു വരാന്‍ ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ 65 ദിവസത്തിനു ശേഷം പഠനത്തില്‍ വ്യാപൃതരാവാന്‍ തയ്യാറെടുത്ത കുട്ടികളുടെ മനോവികാരം തിരിച്ചറിയാന്‍ സര്‍ക്കാരിനു കഴിയാതെ പോകുന്നു. മൂന്നാമതായി, സ്‌കൂള്‍ തുറന്ന് ആദ്യത്തെ ഒരാഴ്ച്ച കാര്യമായ ക്ലാസുകള്‍ ഉണ്ടാവാറില്ല. ആ നിലയ്ക്ക് ആദ്യ ദിവസം മുതല്‍ തന്നെ ക്ലാസുകള്‍ ആരംഭിച്ചതും വലിയ പോരായ്മ തന്നെയാണ്. ഇനി കാലവര്‍ഷമാണ്. വൈദ്യുതി പ്രശ്‌നങ്ങള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും. അതിനിടയില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകുന്നതെങ്ങനെ? വിദ്യാഭ്യാസമെന്നത് ഒരാളുടെ ജീവിതത്തിനു പുരോഗതി കൈവരിക്കാനാണ്. അല്ലാതെ ഇതൊരു മത്സരമോ നാടകമോ അല്ല.

SHARE