നടി ശാന്തിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: പ്രശസ്ത തെലുങ്കു സീരിയല്‍ നടി ശാന്തിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ടെലിവിഷന്‍ സീരിയലുകളില്‍ നിറസാന്നിധ്യമായിരുന്നു ശാന്തി. വിശാഖപട്ടണം സ്വദേശിയായ ശാന്തി ഹൈദരാബാദില്‍ ഒറ്റയ്ക്കായിരുന്നു താമസം. ശാന്തിയെ പുറത്തൊന്നും കാണാതായതോടെയും വീട്ടില്‍ ആളനക്കം ഇല്ലാതായത് ശ്രദ്ധയില്‍പ്പെട്ടതോടെയും സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം. മരണത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.