നേരിടുന്നത് കനത്ത സൈബര്‍ ആക്രമണം; കലക്ടര്‍ അദീല അബ്ദുല്ല പൊലീസില്‍ പരാതി നല്‍കി

വയനാട്: സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് വയനാട് കളക്ടര്‍ അദീല അബ്ദുല്ല. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ലഘുലേഖ ഏറ്റുവാങ്ങുന്ന തന്റെ ചിത്രം രാഷ്ട്രീയം കലര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ഇന്നലെ കലക്ടര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ ഇതേ വിഷയത്തില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നതായി കലക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചാരണമെന്നും കലക്ടര്‍ പറയുന്നു.

വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ഓഫീസില്‍ തന്നെ കാണാന്‍വന്ന ബിജെപി പ്രവര്‍ത്തകരില്‍നിന്നും ജില്ലാ ഭരണാധികാരിയെന്ന നിലയില്‍ ലഘുലേഖ ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തതെന്ന് ഇന്നലെ തന്നെ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ലഘുലേഖ ഏറ്റുവാങ്ങുന്ന ചിത്രം ഉപയോഗിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന സാഹചര്യത്തിലായിരുന്നു കലക്ടറുടെ വിശദീകരണം.