പൗരത്വപ്രക്ഷോഭം;പൊലീസ് വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്ന് ആദിത്യനാഥ് നിയമസഭയില്‍

പൗരത്വപ്രക്ഷോഭകാരികളെ അപമാനിച്ചും യു.പി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസ് വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നും പ്രക്ഷോഭകാരികള്‍ പരസ്പരം വെടിവെച്ച് മരിക്കുകയായിരുന്നെന്നും ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു.
ആദിത്യനാഥിന്റെ വാദങ്ങളെല്ലാം നുണയാണെന്ന് മുമ്പ് തന്നെ വ്യക്തമായിരുന്നു. പൊലീസ് വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്ന് മുമ്പും ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാല്‍ വെസ്റ്റ് ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി പൊലീസ് തന്നെ വ്യക്തമാക്കിയിരുന്നു.

പൊലീസ് വെടിവെപ്പില്‍ ആരും മരിച്ചിട്ടില്ലെന്ന് പറയുന്ന ആദിത്യനാഥും പ്രതിഷേധക്കാര്‍ വെടിയുതിര്‍ത്തപ്പോഴാണ് തിരിച്ച് വെടിയുതിര്‍ത്തതെന്ന പൊലീസിന്റെ വാദവും നുണയാണെന്ന് മുമ്പ് തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതിയില്‍ നടന്ന വിചാരണക്ക് മുമ്പ് യു.പി സര്‍ക്കാര്‍ ഹാജരാക്കിയ കണക്കുകള്‍ പ്രകാരം പ്രതിഷേധത്തിനിടെ 22 പേര്‍ കൊല്ലപ്പെടുകയും പൊതുമുതല്‍ നശിപ്പിച്ചതിന് 883 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ അന്വേഷണം നടത്തുന്ന കാര്യത്തില്‍ യാതൊരു അഭിപ്രായവും സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നില്ല.

SHARE