ഡല്‍ഹി കലാപം, അമിത് ഷായുടെ രാജി; പാര്‍ലമെന്റില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിനായി പാര്‍ലമെന്റ് ഇന്ന് ചേരും

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപം മുന്‍ നിര്‍ത്തി പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിനായി പാര്‍ലമെന്റ് ഇന്ന് സമ്മേളിക്കെ, ഇരുസഭകളിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

കോണ്‍ഗ്രസിനായി ലോകസഭയില്‍ എംപി അധീര്‍ ര്ഞ്ജന്‍ ചൗധരി കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസിനെ കൂടാതെ മുസ്‌ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐഎം, തുടങ്ങിയവരും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റെ സന്ദര്‍ശനവേളയില്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യത്തെ നാണക്കേടിലാക്കിയ ഡല്‍ഹി കലാപം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണ് കലാപം തടയുന്നതില്‍ ഉണ്ടായത്. കലാപകാരികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനാണ് ആദ്യ ദിവസങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈസാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കലാപം തടയുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പൊലീസും കലാപകാരികളും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. അക്രമികള്‍ അഴിച്ചുവിട്ട വംശഹത്യക്ക് ചില പൊലീസ് ഉദ്യോഗസ്ഥര്‍ തണലൊരുക്കി. ലോകം മുഴുവന്‍ അത് ഇന്ത്യയെ നാണം കെടുത്തി. അതീവ ഗുരുതരമാണ് ഈ സാഹചര്യം. ഇക്കാര്യം അടിയന്തര പ്രമേയത്തില്‍ ഉന്നയിക്കും. കലാപം തടയുന്നതില്‍ വന്ന വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമന്റിലും ഈ ആവശ്യം ആവര്‍ത്തിക്കുമെന്നും അദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. സഭക്കകക്കും പുറത്തും കേന്ദ്ര സര്‍ക്കാറിനെതിരെ യോജിച്ച പ്രക്ഷോഭത്തിനുള്ള നീക്കങ്ങളും പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നുണ്ട്.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അഞ്ചംഗ കോണ്‍ഗ്രസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി മുന്‍ നിര്‍ത്തിയാകും കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുക. എന്‍.സി.പി, ആര്‍.ജെ.ഡി, എല്‍.ജെ.ഡി, ഡി.എം.കെ, എ.എ.പി തുടങ്ങിയ കക്ഷികളും ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.