ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി

ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ആഴ്ച പരീക്ഷണമായിട്ടോ ട്രയലായിട്ടോ പരിഗണിച്ച് വേണം പ്രവര്‍ത്തിക്കേണ്ടതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. വ്യവസായ യൂണിറ്റ് പരസരത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങളും സുരക്ഷാസൗകര്യങ്ങളും കാര്യക്ഷമമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. ജില്ലാ അതോറിറ്റികള്‍ ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്തണം.

ആദ്യ ആഴ്ച ട്രയല്‍ അല്ലെങ്കില്‍ ടെസ്റ്റ് റണ്‍ കാലയളവായിട്ടാണ് വ്യവസായ യൂണിറ്റുകള്‍ പരിഗണിക്കേണ്ടത്. യൂണിറ്റ് പുനരാരംഭിക്കുമ്പോള്‍ തന്നെ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും ഉറപ്പാക്കണം. തുടക്കത്തില്‍ തന്നെ ഉയര്‍ന്ന ഉത്പാദന ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

40 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിശാഖപട്ടണത്ത് എല്‍ജിയുടെ പോളിമര്‍ ഫാക്ടറി തുറന്നപ്പോള്‍ വിഷവാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ ദുരന്തത്തില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം.

അസാധാരണമായ ശബ്ദം, മണം, ചോര്‍ച്ച, പുക അല്ലെങ്കില്‍ അപകടകരമായ മറ്റു അടയാളങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തിരച്ചറിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കേണ്ടതുണ്ട്. പുനരാരംഭിക്കുന്ന ഘട്ടത്തില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ഉപകരണങ്ങളും പരിശോധിക്കാനും നിര്‍ദേശമുണ്ട്.

പ്രവേശനകവാടങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കണം. എല്ലാ ജീവനക്കാരുടേയും താപനില ദിവസത്തില്‍ രണ്ടുതവണ പരിശോധിക്കണം. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന തൊഴിലാളികളെ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യിക്കരുത്. എല്ലാ ഫാക്ടറികളിലും നിര്‍മാണ യൂണിറ്റുകളിലും കയ്യുറകള്‍, മാസ്‌ക്, ഹാന്‍ഡ് സാനിറ്ററൈസുകള്‍ തുടങ്ങിയവ നല്‍കണം. കോവിഡ് ആരോഗ്യ പ്രതിരോധം സംബന്ധിച്ച് തൊഴിലാളികള്‍ക്ക് ക്ലാസുകള്‍ നല്‍കണം.

അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ ഈ മേഖലയില്‍ വിദഗ്ധരും പരിചയസമ്പന്നരും ആയിരിക്കണം. ഒരു വ്യാവസായിക യൂണിറ്റ് തുറക്കുമ്പോള്‍ അത്തരം തൊഴിലാളികളെ വിന്യസിക്കുന്നതില്‍ വിട്ടുവീഴ്ച അനുവദിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖയില്‍ പറയുന്നു.

SHARE