ടെലികോം കമ്പനികള്‍ക്ക് തിരിച്ചടി; കുടിശ്ശിക അര്‍ദ്ധരാത്രിക്ക് മുമ്പായി അടച്ച് തീര്‍ക്കണമെന്ന് കേന്ദ്രം

ടെലികോം കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ്. കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള 92,000 കോടി രൂപയുടെ കുടിശ്ശിക വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പായി തീര്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവര്‍ക്ക് കുടിശ്ശിക തീര്‍പ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികോം വകുപ്പ് നോട്ടീസ് നല്‍കി.

ടെലികോം കമ്പനികളില്‍ നിന്നും കടം തിരികെ വാങ്ങുന്ന നടപടികള്‍ വൈകിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങി കുടിശികയുള്ള ടെലികോം കമ്പനി മേധാവിമാരോട് മാര്‍ച്ച് 17ന് നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE