സംസം ക്യാനുകള്‍ക്ക് വിലക്ക്; വിശദീകരണവുമായി എയര്‍ഇന്ത്യ

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളില്‍ സംസത്തിന്റെ ക്യാനുകള്‍ കയറ്റുന്നത് താല്‍ക്കാലികമായി തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്ത്. വിമാനങ്ങളില്‍ സംസം ക്യാനുകള്‍ വെക്കാന്‍ സ്ഥലപരിമിതിയുണ്ടെന്ന് കാണിച്ചാണ് എയര്‍ഇന്ത്യ സംസം ക്യാനുകള്‍ വിലക്കിയത്. ജിദ്ദ-ഹൈദരാബാദ്-മുംബൈ(A-I 966), ജിദ്ദകൊച്ചി(A-I 964)വിമാനങ്ങളിലാണ് സംസം കാനുകള്‍ക്ക് സെപ്റ്റംബര്‍ 15 വരെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം, ചെറിയ ബോട്ടിലുകളില്‍ കൊണ്ടുവരുന്നതിന് വിലക്ക് ബാധകമല്ല. സ്ഥലപരിമിതിയുള്ളതിനാലാണ് ഈ വിമാനങ്ങളില്‍ സംസം കാനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസം കാനുകള്‍ കയറ്റുന്നത് യാത്രക്കാര്‍ക്ക് അസൗകര്യമാകുമെന്നതിനാലാണ് ഈ നടപടിയെന്നും അവര്‍ വിശദീകരിക്കുന്നു.

ജൂലൈ നാലിനാണ് രണ്ട് വിമാനങ്ങളില്‍ സംസം കാനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശം എയര്‍ ഇന്ത്യ പുറപ്പെടുവിച്ചത്. ഓഗസ്റ്റ് രണ്ടാം വാരത്തിലാണ് ഇത്തവണത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്നത്. ഇതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ വാര്‍ഷിക സ്‌കൂള്‍ അവധിയുമാണ്. ഇതുരണ്ടും കണക്കിലെടുത്ത് വിമാനങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെടും. ഈ സാഹചര്യത്തില്‍ ചെറിയ വിമാനങ്ങളില്‍ സംസം കാന്‍ കൂടി വഹിക്കാനുള്ള സ്ഥലമുണ്ടാകില്ലെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പറയുന്നു.

SHARE