അലന്‍സിയര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു; ആഷിഖ് അബു

കൊച്ചി:ലൈംഗികാതിക്രമണ ആരോപണത്തിന് വിധേയനായ നടന്‍ അലന്‍സിയറിനെതിരെ സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനെതിരെ സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു തുറന്നടിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത് . ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു.
ദിവ്യക്ക് അഭിവാദ്യങ്ങള്‍ !

SHARE