കര്‍ണാടകയില്‍ പ്രതിസന്ധിയില്ല; സഖ്യസര്‍ക്കാര്‍ കാലാവധി തികക്കുമെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിന് ഒരു ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ കാലാവധി തികക്കുമെന്നും കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി ദേവഗൗഡ പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

ദേവഗൗഡ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. അതിലൊന്നും സത്യമില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹം തന്നെ വിശദീകരിക്കട്ടെ എന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

ദേവഗൗഡ പറഞ്ഞതിനെ തള്ളി മുഖ്യമന്ത്രിയും മകനുമായ എച്ച്.ഡി കുമാരസ്വാമിയും രംഗത്തെത്തി. ‘ ഇടക്കാല തെരഞ്ഞെടുപ്പിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞതെന്നും പ്രാദേശിക തെരഞ്ഞെടുപ്പിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു കുമാരസ്വാമിയുടെ വാദം. അടുത്ത നാല് വര്‍ഷവും കര്‍ണാടക കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം തന്നെ ഭരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

SHARE