കായിക മാമാങ്കങ്ങള്‍ക്ക് പരിവര്‍ത്തനത്തിനുള്ള ശക്തിയുണ്ടെന്ന് അല്‍തവാദി

ദോഹ: കായിക മത്സരങ്ങള്‍ക്ക് പരിവര്‍ത്തനത്തിനുള്ള ശക്തിയുണ്ടെന്നും സാമൂഹിക മുന്നേറ്റത്തിനും ജനങ്ങളുടെ നന്മയ്ക്കുമായി കായിക മത്സരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍താവാദി പറഞ്ഞു. യു.എന്‍ ഡ്രഗ്‌സ് ആന്റ് ക്രൈംസ് ഓഫീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികത്തിലൂടെ കുറ്റങ്ങള്‍ തടയലും സുസ്ഥിര വികസനവും എന്ന പ്രമേയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കായികത്തിന്റെ പരിവര്‍ത്തന ശക്തിയുടെ വിവിധ വശങ്ങളെ കുറിച്ച് പരിപാടിയില്‍ തവാദി വിശദീകരിച്ചു. ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക്് കുതിക്കാനും ലോകത്തിന് മൊത്തം ഉപകാരം നല്‍കാനും കായിക പരിപാടികള്‍ക്ക് കഴിയുമെന്ന് തവാദി പറഞ്ഞു. ഭാഷ, വിശ്വാസം, സംസ്‌കാരം എന്നിവയ്ക്ക് അതീതമായി സമൂഹത്തെ ഒന്നിപ്പിക്കാനുള്ള കായിക മത്സരങ്ങളുടെ ശക്തി സമൂഹത്തെ മനസ്സിലാക്കുക എന്നതാണ് തങ്ങള്‍ കൂട്ടമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സമൂഹത്തിന്റെ എല്ലാ തുറയിലും പെട്ടവര്‍ക്കും സ്‌പോര്‍ട്്‌സിന് അവസരവും പ്രോത്സാഹനവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കഴിയണം. വദ്യാഭ്യാസത്തിന്റെ ഭാഗമായോ അല്ലെങ്കില്‍ ഫിഫ ലോകകപ്പ് 2022 പോലെയുള്ള മെഗാ സ്‌പേര്‍ട്ടിങ് ഇവന്റുകളുടെ സംഘാടനത്തിലൂടെയോ ഇത് ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നും തവാദി പറഞ്ഞു. ഖത്തറിലെ ലോകകപ്പ് അറബ് ലോകത്തിന് മൊത്തം പ്രയോജനം ലഭിക്കുന്നതാണ്. കേവലം ഒരു മാസത്തെ കായിക വിനോദത്തെ ലോകത്തിന് സമ്മാനിക്കുക എന്നത് മാത്രമല്ല ലോകകപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മേഖലയിലെ ജനങ്ങളുടെ വികസനത്തിനും മികച്ച ഭാവിക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ശക്തിപകരുക എന്നതാണെന്നും ഹസന്‍ അല്‍തവാദി പറഞ്ഞു.

SHARE