അങ്കണവാടിക്ക് ഭൂമി വിട്ടു നല്‍കി ആമിന ഉമ്മ; കമാന്‍ഡേഴ്‌സ് മലയമ്മക്ക് ഇത് അഭിമാന നിമിഷം

മലയമ്മ: നാടിന്റെ സ്വപ്‌നമായിരുന്ന അങ്കണവാടിക്ക് സ്വന്തം ഭൂമി വിട്ടു നല്‍കി മാതൃകയാവുകയാണ് മലയമ്മ പുലിച്ചോ ചാലില്‍ ആമിന ഉമ്മ. സര്‍ക്കാറിന്റെ പുതിയ നിയമമനുസരിച്ച് സ്വന്തം കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് അംഗീകാരം നഷ്ടപ്പെടും. ഈ പ്രശ്‌നം വാര്‍ഡ് മെമ്പര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മലയമ്മയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ‘കമാന്‍ഡേഴ്‌സ് മലയമ്മ’യുടെ പ്രവര്‍ത്തകര്‍ ഭൂമി കണ്ടെത്താനായി ഇറങ്ങിത്തിരിച്ചത്.

നിരവധി ആളുകളെ നാടിന്റെ ആവശ്യത്തിനായി ഇവര്‍ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആമിന ഉമ്മ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. യാതൊരു പ്രതിഫലവും വാങ്ങാതെ പൂര്‍ണമായും സൗജന്യമായാണ് ഭൂമി വിട്ടു നല്‍കുന്നത്. അങ്കണവാടി കെട്ടിടത്തിന് തന്റെ ഭര്‍ത്താവ് പരേതനായ പുലിച്ചോ ചാലില്‍ ഹുസൈന്‍ ഹാജിയുടെ പേരിടണമെന്ന ആവശ്യം മാത്രമാണ് ആമിന ഉമ്മ ഭൂമി വിട്ടുകൊടുക്കുമ്പോള്‍ പറയുന്ന ഏക നിബന്ധന.

നാടിന്റെ ആവശ്യം കണ്ടറിഞ്ഞ് അങ്കണവാടിക്ക് ഭൂമി ലഭ്യമാക്കാന്‍ പ്രവര്‍ത്തിച്ച കമാന്‍ഡേഴ്‌സ് മലയമ്മയുടെ പ്രവര്‍ത്തകരായ സല്‍മാന്‍ പി.പി.എച്ച്, സാദിഖ് സി.പി, റഊഫ് എം.ടി, ആരിഫ് പാലിയില്‍, കുഞ്ഞിമരക്കാര്‍, റഫീഖ് പാലിയില്‍, ഹക്കീം പി.എം തുടങ്ങിയവരെ വാര്‍ഡ് മെമ്പര്‍ അഭിനന്ദിച്ചു.

SHARE