ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞുകയറി; വീട്ടമ്മക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ ഒടിഞ്ഞ് ഇരുന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു (55) ആണ് മരിച്ചത്. സംഭവത്തില്‍ വീട്ടമ്മയുടെ ബന്ധുകള്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

കഴിഞ്ഞ മാസം നാലിനാണ് മാവേലിക്കര തട്ടാരമ്പലം സ്വകാര്യ ആശുപത്രിയില്‍ തലകറക്കവും ഛര്‍ദ്ദിയും ആയി വീട്ടമ്മ ചികിത്സ തേടുന്നത്. തുടര്‍ന്ന് ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ എന്ന് പരിശോധിക്കാനാണ് ആന്‍ജിയോഗ്രാം നടത്തിയത്. ഇതിനിടെ യന്ത്രഭാഗം ഒടിഞ്ഞു കയറി. തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റി. അവിടെവച്ച് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടത്തി ഹൃദയത്തില്‍ ഉണ്ടായിരുന്ന ട്യൂബ് മാതൃകയിലുള്ള യന്ത്രത്തിന്റെ ഭാഗം നീക്കി.

തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ ചൊവ്വാഴ്ചയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ആലപ്പുഴ എസ്പിക്ക് ബന്ധുക്കള്‍ പരാതി നല്‍കി. എന്നാല്‍, യന്ത്ര ഭാഗം ഒടിയുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കാമെന്നും പിഴവ് ഉണ്ടായിട്ടില്ലെന്നും തട്ടാരമ്പലം വി എസ് എം ആശുപത്രി വിശദീകരിച്ചു.

SHARE