ഗുജറാത്തിലെ ചേരികള്‍ മറക്കല്‍; ട്രംപിനായി മറ്റൊരു മതിലുയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ പരിഹാസം

അഹമ്മദാബാദ്: ഇംപീച്ച്‌മെന്റില്‍ നിന്നും രക്ഷപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുജറാത്തിലെ ചേരികള്‍ മതില്‍ കെട്ടി മറക്കുന്ന വാര്‍ത്ത അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാവുന്നു.

ട്രംപിന് വേണ്ടി വീണ്ടും മതിലുയരുന്നു എന്നാല്‍ ഇത്തവണ അത് ഇന്ത്യയിലാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ അമേരിക്ക മതില്‍ പണിയുമെന്ന ട്രംപിന്റെ തന്നെ പ്രതിജ്ഞയെ പരിഹസിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്.

24-25 തിയ്യതികളിലായി ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന ഗുജറാത്തിലെ വിവിധ പ്രദേശങ്ങളിലെ ചേരികളാണ് വലിയ മതില്‍കെട്ടി മറക്കുന്നത്. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ ഗാന്ധി നഗര്‍ വരെയുള്ള പ്രദേശങ്ങളിലെ ചേരി പ്രദേശങ്ങളാണ് ട്രംപിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ മതിലുകള്‍ കെട്ടി മറക്കുന്നതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ മോദി സര്‍ക്കാറിന് തിരിച്ചടിയായി വിവാദമായിരിക്കുന്നത്.

അതേസമയം, ചേരി മറച്ചുവെക്കാനല്ല സുരക്ഷാ കാരണങ്ങളാലാണ് മതില്‍ പണിയുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ അഹമ്മദാബാദിലെ വിമാനത്താവളം വഴി ട്രംപ് കടന്നുപോകുമ്പോള്‍ ചേരി കാണാതിരിക്കാനാണ് ഈ മതിലെന്ന് കരാറുകാരന്‍ പ്രതികിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 24ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ട്രംപ് സബര്‍മതി ആശ്രമം വരെ 10 കിലോമീറ്റര്‍ മോദിക്കൊപ്പം റോഡ് ഷോ നടത്തുന്നുണ്ട്.

അരകിലോമീറ്റര്‍ ദൂരത്തില്‍ മതില്‍കെട്ടാനായി പെട്ടെന്നുവന്ന തീരുമാനം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റേതാണ്. ട്രംപിന്റെ റോഡ് ഷോ കടന്നുപോകുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യന്തര വിമാനത്താവളവും ഇന്ദിര പാലവും ചേരുന്നിടത്ത് ഏഴടിയോളം ഉടരമുള്ള മതിലാണ് നിര്‍മിക്കുന്നത്. 2500 പേര്‍ താമസിക്കുന്ന ദേവ് ശരണ്‍/ ശരണ്യവാസി ചേരി പ്രദേശത്തിലുള്ള 500ലധികം കുടിലുകള്‍ ഇതിലൂടെ മറക്കാന്‍ സാധിക്കും.

SHARE