‘മകള്‍ ഖദീജ എന്തു വസ്ത്രം ധരിക്കണമെന്നത് അവളുടെ ഇഷ്ടമാണ്’; തസ്ലീമ നസ്‌റിന്‍ വിവാദത്തില്‍ പ്രതികരണവുമായി ഏ.ആര്‍ റഹ്മാന്‍

മുംബൈ: മകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരവുമായി സംഗീതജ്ഞന്‍ ഏ.ആര്‍ റഹ്മാന്‍. മകള്‍ എന്തു വസ്ത്രം ധരിക്കണമെന്നത് അവളുടെ ഇഷ്ടമാണെന്ന് റഹ്മാന്‍ പറഞ്ഞു. നേരത്തെ, മകള്‍ ഖദീജയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ രംഗത്തുവന്നിരുന്നു.

സ്വന്തം കാര്യം നോക്കാന്‍ അവള്‍ക്ക് ത്രാണിയുണ്ട്. അവള്‍ അവളുടെ സ്വാതന്ത്ര്യം തെരഞ്ഞെടുത്തുവെന്ന് റഹ്മാന്‍ പറഞ്ഞു. അവളുടെ വസ്ത്രധാരണം മതപരമായ കാര്യത്തേക്കാള്‍ വലുതാണ്. അതൊരു മന:ശാസ്ത്രപരമായ ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടെന്നാല്‍, അവള്‍ ഒരു പാട്ടുപാടുന്നു, അത് ലക്ഷക്കണക്കിന് ആളുകള്‍ റിങ് ട്യൂണായി ഉപയോഗിക്കുന്നു, അന്തര്‍ മുഖനായ ഒരു കുട്ടിയുടെ കാര്യമെടുത്താല്‍, ജനങ്ങള്‍ പെട്ടെന്ന് നല്ലരീതിയിലും മോശം രീതിയിലും അവരെ പിന്തുടരുന്നതില്‍ താല്‍പര്യമുണ്ടാകില്ല. ഒരു പുരുഷന് ബുര്‍ഖ ധരിക്കാന്‍ സാധിക്കില്ല. അല്ലായിരുന്നെങ്കില്‍ താന്‍ അത് ധരിക്കുമായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞു. തസ്ലീമ നസ്‌റിന്റെ കമന്റുകളോട് മകള്‍ പ്രതികരിച്ചത് തന്നോട് ചോദിച്ചിട്ടല്ലെന്നും ആ മറുപടി അനിവാര്യമായിരുന്നുവെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ബുര്‍ഖ ധരിച്ചെത്തുന്ന റഹ്മാന്റെ മൂത്ത മകള്‍ ഖദീജയെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നായിരുന്നു, വസ്ത്ര സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുത പുറത്താക്കി തസ്ലിമ കുറിച്ചത്. തസ്ലിമ നസ്രീനെ വിവാദ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവത്തില്‍ തക്കതായ മറുപടിയുമായി ഖദീജയും രംഗത്ത് വന്നിരുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പുതിയ കുടുംബ ചിത്രത്തിലൂടെയാണിപ്പോള്‍ ഖദീജ, തസ്ലിമയെ പരോക്ഷമായി പരിഹസിച്ചത്. സാധാരണ ബുര്‍ഖയോ ഹിജാബോ ഒന്നും പിന്തുടരാത്ത സഹോദരിക്കും പിതാവിനുമൊപ്പമുള്ള ചിത്രമാണ് ഖതീജ സമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചത്.
‘ശ്വാസംമുട്ടലില്‍’ നിന്നുമകന്ന് സമാധാനത്തോടെ കുടുംബത്തിനൊപ്പം, എന്നാണ് ഖദീജ പോസ്റ്റില്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാം പങ്കുവച്ച ചിത്രമാണ് വലിയ ചര്‍ച്ചയായി കഴിഞ്ഞിരുന്നു.

വസ്ത്രധാരണ വിഷയത്തില്‍ വിമര്‍ശകര്‍ക്കെതിരെ ചോദ്യങ്ങളുമായ ഖദീജ രംഗത്തുവന്നിരുന്നു. ഒരു പ്രത്യേക വിശ്വാസത്തില്‍ മാത്രംപെടുന്ന സ്ത്രീകളുടെ കാര്യത്തില്‍ ആളുകള്‍ ആശങ്കപ്പെടുന്നത് എന്തുകൊണ്ടെന്നായിരുന്നു ഖദീജയുടെ സംശയം. ഇത് ഇരട്ടത്താപ്പല്ലേയെന്നും അവള്‍ ചോദിച്ചു. തലപ്പാവ് ധരിക്കുന്ന പുരുഷന്മാരെ ഞങ്ങള്‍ കണ്ടിട്ടില്ലേ? ഷാളുകള്‍ വെച്ച് തലമറക്കുന്ന ധരിക്കുന്ന സ്ത്രീകളെ കണ്ടില്ലേ? എന്നിട്ടും എന്തുകൊണ്ടാണ് പൂര്‍ണ്ണഹൃദയത്തോടെയും അഭിമാനത്തോടെയും കൂടി ഒരുവേഷം തെരഞ്ഞെടുക്കുന്ന ഒരു പ്രത്യേക വിശ്വാസത്തിലെ മാത്രം സ്ത്രീകള്‍ മാത്രം നിങ്ങള്‍ ലക്ഷ്യമിടുന്നത്. എനിക്ക് മനസ്സിലാകുന്നില്ല!! എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? ഖദീജ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചു.

ഖദീജയുടെ വസ്ത്രധാരണത്തെക്കുറിച്ച് നേരത്തേയും ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ വിശദീകരണവുമായി എ.ആര്‍ റഹ്മാന്‍ തന്നെ രംഗത്തെത്തിയിരുന്നു. ‘freedom to choose’ എന്ന ഹാഷ് ടാഗോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് റഹ്മാന്‍ വിമര്‍ശകര്‍ക്ക് തക്കതായ മറുപടി നല്‍കിയത്. ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ഭാര്യ സൈറ തല മാത്രമേ മറച്ചിട്ടുള്ളു. മറ്റൊരു മകള്‍ റഹീമ മതപരമായ യാതൊരു അടയാളങ്ങളും ഇല്ലാതെയാണ് വസ്ത്രം ധരിച്ചിട്ടുള്ളത്. ഈ ഫോട്ടോയിലും ഖദീജ മുഖം മൂടുന്ന തരത്തിലുളള നിഖാബാണ് ധരിച്ചിരിക്കുന്നത്.