വിന്‍ഡീസിന് മുന്നില്‍ കംഗാരുക്കള്‍ വിറച്ചു ജയിച്ചു

ഓസ്‌ട്രേലിയെ വിറപ്പിക്കാനായെങ്കിലും വിജയത്തിന്റെ പടിക്കല്‍ തോറ്റ് വിന്‍ഡീസ്. അവസാനം വരെ ആവേശം കത്തിയ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് 15 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കാര്‍ വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ടിരുന്നു. പക്ഷേ വാലറ്റക്കാരുടെ മികവില്‍ ടീം 288 ലെത്തി. വിന്‍ഡീസുകാര്‍ മറുപടിയില്‍ മികവ് കാണിച്ചു. ക്രിസ് ഗെയിലും (21), ആന്ദ്രെ റസലും (15) വേഗം പുറത്തായെങ്കിലും ഷായ് ഹോപ്പും (68), പുരാനും (40) നായകന്‍ ഹോള്‍ഡറും (51) തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. പക്ഷേ നിര്‍ണായക ഘട്ടത്തില്‍ ആലസ്യം പ്രകടിപ്പിച്ചു. ഹെത്തിമറിന്റെ റണ്ണൗട്ട് (21) വലിയ ആഘാതമായപ്പോള്‍ അവസാനത്തില്‍ തിരിച്ചടിക്കാന്‍ ആരുമില്ലാതെയായി. അവസാന ഓവറില്‍ കോള്‍ട്ടര്‍ നിലെക്കെതിരെ എ.ആര്‍ നഴ്‌സ് തുടര്‍ച്ചയായി നാല് ബൗണ്ടറി നേടിയെങ്കിലും 273 ലെത്താനാണ് അവര്‍ക്കായത്. നേരത്തെ ഓസീസ് മുന്‍നിരക്കാരെല്ലാം തകര്‍ന്നിരുന്നു . ഡേവിഡ് വാര്‍ണര്‍ (3), നായകന്‍ അരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ ക്വാജ (13) ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) സ്റ്റോണിസ് (19) എന്നിവരെല്ലാം വേഗം പുറത്തായിരുന്നു. പക്ഷേ മാന്‍ ഓഫ് ദ മാച്ച് കോള്‍ട്ടര്‍ നിലെ എട്ടാമനായി വന്ന് 92 റണ്‍സ് നേടി. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 73 റണ്‍സ് നേടി. കാരെയുടെ ബാറ്റില്‍ നിന്നും 45 റണ്‍സുമായപ്പോള്‍ മെച്ചപ്പെട്ട സ്‌ക്കോറായി. 5 വിക്കറ്റിന് 79 ല്‍ നിന്നുമാണ് ഓസീസ് 288 ലെത്തിയത്.