സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത

ഡോ. സുധ എം
ഡോ. അനു തോമസ്

(ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്)

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തദാനത്തിന്റെ മഹത്വം ഓരോ വര്‍ഷവും ഓര്‍മ്മിക്കുന്നതിനും സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും വേണ്ടിയാണ് ജൂണ്‍ 14 രക്തദാതാക്കളുടെ ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. ഈ വര്‍ഷത്തെ പ്രമേയം ‘സുരക്ഷിത രക്തം ജീവന്‍ രക്ഷ’ (Safe Blood Saves Lives) എന്നതും, മുദ്രാവാക്യം ‘രക്തദാനം ചെയ്യൂ, ആരോഗ്യമുള്ള ലോകത്തെ പടുത്തുയര്‍ത്തൂ’ എന്നതുമാണ്. ഓരോ വര്‍ഷവും ലോകമെമ്പാടും 11.74 കോടി യൂണിറ്റ് രക്തദാനം നടക്കുന്നുണ്ട്. ഇന്ത്യയിലെ കണക്കുകള്‍ പ്രകാരം 1.145 കോടി യൂണിറ്റ് രക്തദാനം നടക്കുന്നുണ്ടെങ്കിലും 19.5 ലക്ഷം യൂണിറ്റ് രക്തത്തിന്റെ കുറവ് അനുഭവപ്പെടുന്നു. ഭാരതം രക്തത്തിന്റെ അപര്യാപ്തത നേരിടുന്ന ഈ സാഹചര്യത്തില്‍ നമ്മള്‍ രക്തം ദാനം ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയൂ. ഒരു ദാതാവ് നല്‍കുന്ന ഒരു യൂണിറ്റ് രക്തത്തില്‍ നിന്നും ചുവന്ന രക്താണുക്കള്‍, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് എന്നീ മൂന്ന് ഘടകങ്ങളെ വേര്‍തിരിച്ച് മൂന്ന് വ്യക്തികള്‍ക്ക് നല്‍കാവുന്നതാണ്.

അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യഅളവിലും ചേര്‍ച്ചയിലുമുള്ള മനുഷ്യരക്തം നല്‍കിയാല്‍ മാത്രമേ ശരീരം പ്രവര്‍ത്തനക്ഷമമാവുകയുള്ളൂ. ആരോഗ്യമേഖലയില്‍ നാം ഇന്ന് ഏറെ പുരോഗമിച്ചുവെങ്കിലും മനുഷ്യരക്തത്തിന് സമമായ കൃത്രിമ രക്തം വികസിപ്പിച്ചെടുക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയില്‍ ഗവേഷണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ രക്തദാനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ശസ്ത്രക്രിയ വേളകളില്‍ രോഗിയില്‍ നിന്ന് മുമ്പേ ശേഖരിക്കുന്ന രക്തം തന്നെ ശരീരത്തില്‍ തിരിച്ചു പ്രവേശിപ്പിക്കുന്ന രീതി (ഓട്ടോലോഗസ്ട്രാന്‍സ്ഫ്യൂഷന്‍) ഉണ്ടെങ്കിലും മിക്കപ്പോഴും പുതിയ രക്തം ആവശ്യമായി വരാറുണ്ട്.

പ്രസവസമയങ്ങളില്‍ വരുന്ന അമിതരക്തസ്രാവം, പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖങ്ങള്‍, വാഹന അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന അമിതരക്തസ്രാവം, രക്താര്‍ബുദം, വിളര്‍ച്ച, രക്തസ്രാവം ഉണ്ടാക്കുന്ന രീതിയിലുള്ള രോഗങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം രക്തം സ്വീകരിക്കേണ്ടതായി വരുന്നു. രക്തബാങ്കുകളില്‍ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തം ചിലപ്പോള്‍ ലഭ്യമാകണമെന്നില്ല. അതുകൊണ്ട് തന്നെ സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ രക്തത്തിന്റെ ലഭ്യതക്കുറവ് നികത്തുവാന്‍ സാധിക്കൂ. ആവശ്യമായ രക്തത്തിന്റെ 100 ശതമാനവും സന്നദ്ധ രക്തദാനത്തിലൂടെ ശേഖരിക്കുവാന്‍ കഴിഞ്ഞാല്‍ ഒരു രോഗിക്കും രക്തത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല.

ആരോഗ്യമുള്ള വ്യക്തികള്‍ക്ക് രക്തദാനം ശാരീരികമായ ഒരുപാട് ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. രക്തദാനത്തിലൂടെ ദാതാവിന് ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കുവാന്‍ കഴിയുന്നു. രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്നത് ഹൃദ്രോഗത്തിന് കാരണമാകാം. അതുകൊണ്ട് ഇരുമ്പിന്റെ അളവ് ശരീരത്തില്‍ ക്രമീകരിക്കുന്നതിന് രക്തദാനം വളരെ ഉചിതമാണ്. അതുപോലെ കൃത്യമായ ഇടവേളകളിലുള്ള രക്തദാനം പക്ഷാഘാതത്തിന്റെ സാധ്യത വളരെ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിലെ കൊഴുപ്പ്/ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദത്തിന്റെ സാധ്യത എന്നിവ കുറയ്ക്കുന്നതിനും രക്തദാനം സഹായിക്കുന്നു. രക്തം ദാനം ചെയ്യുമ്പോള്‍ ഓരോ ദാതാവിന്റെയും രക്തം പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഹീമോഗ്ലോബിന്റെ അളവ്, വിവിധ രക്തജന്യ രോഗങ്ങളായ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്, സിഫിലിസ്, മലേറിയ തുടങ്ങിയവ പരിശോധിക്കുന്നതിലൂടെ ദാതാവിന് സ്വന്തം ആരോഗ്യസ്ഥിതിയെപ്പറ്റി പൂര്‍ണമായും മനസ്സിലാക്കുവാന്‍ സാധിക്കുന്നു. രക്തദാനത്തിലൂടെ പുതിയ രക്താണുക്കള്‍ രൂപപ്പെടുന്നതിനാല്‍ ഊര്‍ജ്ജ്വസ്വലമായ ആരോഗ്യം വീണ്ടെടുക്കുവാന്‍ ഓരോ രക്തദാതാവിനും സാധിക്കുന്നു. രക്തദാനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പുതിയ രക്താണുക്കള്‍ ഉത്പാദിപ്പിക്കപ്പെട്ട് തുടങ്ങും. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട രക്താണുക്കള്‍ പൂര്‍ണമായും വീണ്ടെടുക്കപ്പെടുന്നു.

SHARE