Connect with us

Video Stories

യോഗി വൈറസ് ബാധിച്ച വൃന്ദയുംപിണറായിയുടെ മസാലബോണ്ടയും

Published

on

ലുഖ്മാന്‍ മമ്പാട്

വെട്ടിയും കൂട്ടിയും ടി.വി 9 ഹിന്ദിയില്‍ പുറത്തു വിട്ട ദൃശ്യത്തില്‍ എം.കെ രാഘവന്‍ ആരോടെങ്കിലും കോഴ വാങ്ങുന്ന ദൃശ്യമുണ്ടോ; ഇല്ല. ചിത്രമുണ്ടോ; ഇല്ല. ശബ്ദമുണ്ടോ; ഇല്ല. ആരോടെങ്കിലും കോഴ ചോദിച്ചോ; ഇല്ല. സാധാരണ സ്റ്റിങ് ഓപറേഷന്‍ എന്നു പറഞ്ഞു പുറത്തുവിടുന്നതില്‍ പണം കൈമാറുന്നതോ ആവശ്യപ്പെടുന്നതോ ഏതെങ്കിലും ഒരു ഇടപാടില്‍ വഴിവിട്ട് സ്വാധീനം ചെലുത്താന്‍ പണം പറഞ്ഞുറപ്പിക്കുന്നതോ ആണ് ഉണ്ടാവുക. ഇതൊന്നുമില്ലെങ്കിലും സ്റ്റിങ് ഓപറേഷന്‍ എന്ന ലേബല്‍ ഒട്ടിച്ച തിരക്കഥ സി.പി.എമ്മിന്റെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമാണ്. അഞ്ചു കോടി രൂപയുടെ അഴിമതി നടത്തിയ എം.കെ രാഘവന്‍ എം. പി സ്ഥാനം രാജിവെക്കണമെന്ന് എല്‍.ഡി.എഫ്. അക്കാര്യം ആവശ്യപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയ എളമരം കരീം മന്ത്രിയായിരുന്നപ്പോള്‍ ചക്കിട്ടപാറയില്‍ വഴിവിട്ട ഇരുമ്പയിര് ഖനനത്തിനു അനുമതി നല്‍കാന്‍ രണ്ടു കോടി രൂപ റൊക്കം കൈപ്പറ്റിയെന്ന് സ്വന്തം ഡ്രൈവറാണ് മാലോകരോട് പറഞ്ഞത്. തെങ്ങിന്‍ മണ്ടയില്‍ വ്യവസായം കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ ജനങ്ങളുടെ തലമണ്ട അടിച്ചുപൊട്ടിച്ച് വികസനം കൊണ്ടുവന്ന വ്യക്തി വിശദീകരിച്ച് വിശദീകരിച്ച് അഞ്ചു കോടി കോഴ കൈപ്പറ്റിയെന്ന് ധ്വനിപ്പിക്കുന്നു.
യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എന്നു പരിചയപ്പെടുത്തിയ മുമ്പ് ഒരു പരിചയവുമില്ലാത്ത ഹിന്ദിക്കാരായ ഏതാനും പേര്‍ എം.പിയെ കോഴിക്കോട്ടെ ഓഫീസില്‍ കാണാനെത്തുന്നു. സംഭവത്തിന് നാലു ദിനം മുമ്പ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഹിന്ദി ടി.വി 9ല്‍ ഉള്ളവരായിരുന്നു അവര്‍. പത്തു മിനുട്ടില്‍ താഴെ എം.പി ഓഫീസില്‍ ചെലവഴിച്ച സംഘം തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ ചോദിക്കുന്നു. മടങ്ങിപ്പോകുന്നു. ദിവസങ്ങള്‍ക്കകം പുറത്തുവിട്ട അവ്യക്തവും പ്രഥമദൃഷ്ട്യാതന്നെ കൂട്ടിച്ചേര്‍ക്കലും ബോധ്യമാകുന്ന ദൃശ്യങ്ങള്‍ സ്റ്റിങ് ഓപറേഷന്‍ എന്ന തലക്കെട്ടോടെ ടി.വി 9 പുറത്തുവിടുന്നു. പത്തുവര്‍ഷം എം.പിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് എം.കെ രാഘവന്‍. ആരോടെങ്കിലും പണം വാങ്ങുകയോ ചോദിക്കുകയോ ചെയ്തതായി ഒരു പരാതിയുമില്ല. വഴിവിട്ട് ആരെയെങ്കിലും സഹായിച്ചതായും ആക്ഷേപമില്ല. കൂട്ടിച്ചേര്‍ത്ത ദൃശ്യങ്ങളിലെ ആരോപണം പോലും ഏതാനും പേര്‍ എത്തി സിംഗപ്പൂര്‍ കമ്പനിക്ക് ഒരു ഹോട്ടല്‍ തുടങ്ങുന്നതിന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു ഉപാധിയുമില്ലാതെ അഞ്ചു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നു. സാമാന്യ യുക്തിയോടെ അവര്‍ പറയുന്ന ആരോപണങ്ങളെ അപ്പടി സ്വീകരിച്ച് സമീപിച്ചാലോ. ഒരു സംഘം എം.പിയുടെ ഓഫീസിലെത്തി, കോഴിക്കോട് 15 ഏക്കറില്‍ ഹോട്ടല്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുന്നു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്ന എം.പിയോട് ചോദ്യം: എന്തു ചെലവുവരും. മറുപടി: 15 ഏക്കറിന് 20 കോടി രൂപയെങ്കിലും വരും. മുന്‍ പരിചയമില്ലാത്ത സംഘം എം.പിയോട്, എന്നാല്‍ അഞ്ച് കോടി നിങ്ങള്‍ക്ക് തരാം. അപ്പോള്‍, എം.കെ രാഘവന്‍ അഞ്ചു കോടി രൂപയുടെ അഴിമതിക്കാരനായോ. 20 കോടി രൂപ മുടക്കി 15 ഏക്കര്‍ സ്ഥലം വാങ്ങി ഹോട്ടല്‍ തുടങ്ങുന്നവര്‍ എന്തിനു വേണ്ടിയാണ് എം.പിക്ക് അഞ്ചു കോടി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, 100 കോടി എം.പിക്ക് നല്‍കാം എന്ന് മുന്‍ പരിചയം പോലും ഇല്ലാത്ത അവര്‍ പറഞ്ഞാല്‍, എം.പി 100 കോടിയുടെ അഴിമതിക്കാരനായോ. ടി.വി 9 ചാനലില്‍ ദൃശ്യങ്ങളുമായി ബന്ധമില്ലാതെ ശബ്ദ സന്ദേശമായി ഡബ്ബിങിലൂടെ കൂട്ടിച്ചേര്‍ത്തതില്‍ പോലും പറയാത്ത കാര്യങ്ങള്‍ പൊലിപ്പിച്ചെടുത്ത് ലീഡ് ന്യൂസ് ചമക്കുന്ന ദേശാഭിമാനി എം.കെ രാഘവനെ തെരഞ്ഞെടുപ്പിന്റെ തിരുമുറ്റത്തുവെച്ച് അഞ്ചു കോടിയുടെ അഴിമതിക്കാരനാക്കുന്നത് ആടിനെ പട്ടിയാണെന്ന് ആരോപിച്ച് പേപ്പട്ടിയാണെന്ന് വിളിച്ചുകൂവി തല്ലിക്കൊല്ലുന്നതിന് സമാനമാണെന്ന് തിരിച്ചറിയാനുള്ള വിവേകമൊക്കെ കോഴിക്കോട്ടുകാര്‍ക്കുണ്ടാവും. 20 കോടി രൂപ തെരഞ്ഞെടുപ്പില്‍ ചെലവു വരും എന്ന് എം.കെ രാഘവന്‍ പറഞ്ഞു എന്നതാണ് രണ്ടാമത്തെ ആരോപണം. പ്രഥമദൃഷ്ട്യാ കൂട്ടിച്ചേര്‍ത്ത ശബ്ദമാണെങ്കിലും അതപ്പടി സ്വീകരിച്ചാല്‍ തന്നെ അതിലെ അഴിമതി എന്താണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും രാഘവനെതിരെ മത്സരിച്ച് തോറ്റ സി.പി.എം സ്ഥാനാര്‍ത്ഥികളാരും മത്സരിച്ചപ്പോഴോ അതിനു ശേഷമോ രാഘവനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നില്ല. പണം ഒഴുക്കിയതായി ജനത്തിന്റെ പരാതിയോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമോ ഉണ്ടായിട്ടുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എതിര്‍ സ്ഥാനാര്‍ത്ഥിക്കോ എതിര്‍ പാര്‍ട്ടിക്കോപോലും ഇല്ലാതിരുന്ന പരാതിയാണ് അദ്ദേഹത്തിന്റെ വായില്‍ കൃത്രിമമായി തിരുകുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി കോഴിക്കോടിന്റെ സര്‍വ നന്മകളിലും കൂടെയുള്ള വികസന നായകനായ എം.കെ രാഘവനെ വ്യക്തിഹത്യ ചെയ്ത് ജയിക്കാനാവുമോ എന്നതാണ് പരീക്ഷണം. നോര്‍ത്ത് മണ്ഡലത്തിലെ ചില സ്‌കൂളുകളുടെ കെട്ടിടങ്ങള്‍ നിലവാരത്തിലേക്ക് (മലപ്പുറത്തെ സ്‌കൂളുകളുടെ) ഉയര്‍ത്തി എന്നതാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എ പ്രദീപ്കുമാറിനെ പിന്തുണക്കുന്നവരുടെ പ്രധാന പ്രചാരണം. പി.കെ അഹമ്മദ് എന്ന നല്ലവനായ വ്യവസായിയുടെ മകളും മരുമകനും ചേര്‍ന്ന് രൂപീകരിച്ച ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്റെ കോടികളുടെ സാമൂഹ്യ സേവന ഫണ്ടുപയോഗിച്ച് നടക്കാവ് സ്‌കൂള്‍ നവീകരിച്ചത് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് മേനി നടിക്കുന്നത് ജനം എത്രത്തോളം സ്വീകരിക്കുമെന്നത് കണ്ടറിയാം.
എന്നാല്‍, മണ്ഡലത്തിലുടനീളം എം.കെ രാഘവന്റെ കയ്യൊപ്പ് പതിഞ്ഞ എത്രയോ വികസന പദ്ധതികള്‍ ഉണ്ട്. അതിനെ മറികടക്കാന്‍ ഏതോ ഹിന്ദിക്കാര്‍ അങ്ങോട്ട് പോയി പണം വാഗ്ദാനം ചെയ്തു എന്ന പൊയ്‌വെടിയൊന്നും മതിയാവില്ലെന്ന് കണ്ട് സൊസൈറ്റി ഭാരവാഹിയായി കോടികളുടെ കടക്കാരനാണെന്നും അതു മറച്ചുവെച്ചെന്നുമാണ് പുതിയ പരാതി. കോടികളുടെ അഴിമതിക്കാരനെന്ന് പറയുന്ന അതേ നാവുകൊണ്ട് കടംവന്നു ജപ്തി നേരിടുന്നവന്‍ എന്നും പറയുമ്പോള്‍ അറിയാം എല്‍.ഡി.എഫിന്റെ വെപ്രാളം.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അവിവാഹിതയായ ദലിത് യുവതിയെ കുറിച്ച് അറിയപ്പെടുന്നതോ അല്ലാത്തതോ ആയ ഏതെങ്കിലുമൊരു പുരുഷനെ ചേര്‍ത്ത് തുടര്‍ച്ചയായി അശ്ലീല അംഗവിക്ഷേപത്തോടെ പരസ്യമായി പ്രസംഗിക്കുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനെതിരായ പരനാറി പ്രയോഗം അഞ്ചു വര്‍ഷത്തിനിപ്പുറവും പകയോടെ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും നേതൃത്വം നല്‍കുന്ന വ്യക്തിഹത്യയോളം വരുമോ എം.കെ രാഘവനെതിരെ എന്നതേ സംശയമുള്ളൂ. നിയുക്ത പ്രധാനമന്ത്രിയായി മതേതര ഇന്ത്യ മനസ്സാവരിച്ച ജനാധിപത്യ ഇന്ത്യയുടെ നായകന്‍ രാഹുല്‍ ഗാന്ധിയെ പോലും പപ്പു എന്ന് മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതി വ്യക്തിഹത്യ ചെയ്യുന്നവരുടെ അസഹിഷ്ണുത യോഗിയുടെ വൈറസിന്റെ ജനുസ്സില്‍ പെടുന്നതാണ്.
ഹിന്ദുക്കളെ പേടിച്ച് മത്സരിക്കാന്‍ രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടി എന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ മുസ്്‌ലിംലീഗ് വൈറസാണെന്ന് പറയുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിവരം വേണമെന്ന് ശഠിക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലും വയനാട്ടിലും ഹിന്ദു എന്ന് പൊതുവെ വിളിക്കുന്ന മതവിഭാഗം തന്നെയാണ് കൂടുതല്‍. ഡോ.ബി.ആര്‍ അംബേദ്കറെ ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണ സഭയിലെത്തിച്ച് അധ്യക്ഷനാക്കിയ മുസ്്‌ലിംലീഗിന്റെ പ്രസിഡന്റ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബാണ് ഭരണഘടനയുടെ ഒന്നാം പേജില്‍ തുല്യം ചാര്‍ത്തിയത്. പാകിസ്താന്റെ വാദങ്ങളുടെ മുനയൊടിച്ച് കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യു.എന്നില്‍ സമര്‍ത്ഥിക്കാന്‍ മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ ഇ അഹമ്മദ് എം.പിയെ പറഞ്ഞുവിട്ട പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ ചരിത്ര ബോധമൊന്നും മോദിയില്‍ നിന്നോ യോഗിയില്‍ നിന്നോ പ്രതീക്ഷിക്കരുത്. 2004 മുതല്‍ 2014 വരെ തുടര്‍ച്ചയായി പത്തു വര്‍ഷം കേന്ദ്രമന്ത്രിയായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴുള്ള മികവുറ്റ പ്രവര്‍ത്തനത്തെകുറിച്ച് നല്ലതു ചിന്തിക്കാതെ വി. എസ് അച്യുതാനന്ദന്‍ മോഡല്‍ ചങ്കില്‍കുത്തായി നടക്കുന്നതിലും അല്‍ഭുതമില്ല.
രാഹുല്‍ വയനാട്ടില്‍ വരുമ്പോള്‍ പച്ചക്കൊടി ഏഴയലത്ത് അടുപ്പിക്കില്ലെന്ന് യോഗിക്ക് പരിഭാഷ പറയുന്ന കെ.ടി ജലീല്‍ പ്രധാന ഉസ്താദായ മുന്നണിയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വര്‍ഗീയതക്ക് ഒപ്പമെത്താന്‍ പി.എസ് ശ്രീധരന്‍പിള്ളക്ക് പോലും കഴിയില്ല. വര്‍ഷങ്ങളോളം ഒരു മുന്നണിയായി മുസ്്‌ലിംലീഗിനൊപ്പം കേരളം ഭരിച്ചവരാണ് തങ്ങളെന്ന് മറന്നു രാഹുല്‍ വരുമ്പോള്‍ മുസ്്‌ലിം ന്യൂനപക്ഷത്തെ മുന്‍നിര്‍ത്തി ദുഷ്ടലാക്കോടെ വാക്കുകള്‍ പ്രയോഗിച്ച് യോഗിക്ക് വടികൊടുക്കുന്നത് റഫാല്‍ അഴിമതിയെ കുറിച്ച് ഹിന്ദു മുഖ്യ പത്രാധിപര്‍ റാം എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്നത് ചട്ട ലംഘനമാണെന്നു പറയുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തില്‍ എടുത്തുകൊള്ളണമെന്നില്ല. തമിഴ്‌നാട്ടില്‍ മുസ്‌ലിംലീഗിനൊപ്പം മുന്നണിയായി മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കേരളത്തിലെത്തി മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പ്രസംഗിക്കുന്ന വൃന്ദകാരാട്ടിന് മലയാളമനോരമക്ക് എതിരെ പിണറായി വിജയന്‍ ആരോപിച്ച അസുഖമാണോ എന്നത് പരിശോധിക്കേണ്ടിവരും. 1977ല്‍ ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘവുമായി ഒന്നിച്ചുനിന്നതും അന്ധമായ കോണ്‍ഗ്രസ് വിരോധം മൂത്ത് സ്വയം നശിച്ച് വളമായി ബി.ജെ.പിയെ വളര്‍ത്തിയതും സി.പി.എമ്മിന്റെ ഇന്നലെകളിലേക്ക് നോക്കിയാല്‍ ബോധ്യപ്പെടും. ബി.ജെ.പിയാണ് രാജ്യത്തിന്റെ മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസും മുസ്‌ലിംലീഗും തുറന്നുപറയുമ്പോള്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരേപോലെ ശത്രുവായി കാണുന്നതാണ് സി.പി.എമ്മിന്റെ സമീപകാല നിലപാടുകള്‍ പോലും. ബംഗാളില്‍നിന്ന് യെച്ചൂരിയെ രണ്ടാമതും രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നിരുപാധികപിന്തുണ നല്‍കിയപ്പോള്‍ തട്ടിമാറ്റിയതിന്റെ അര്‍ത്ഥം എന്താണ്.
ഇടതുപക്ഷം എന്ന പേര് സ്വീകരിച്ച് ബി.ജെ.പിയേക്കാള്‍ വലിയ കോര്‍പറേറ്റ് മുതലാളിത്ത താല്‍പര്യം സംരക്ഷിക്കുന്നവരാണ് സി.പി.എം എന്നത് മറച്ചുപിടിക്കാനാണ് മതവിരുദ്ധതക്ക് പുറമെ വര്‍ഗീയതയും പയറ്റുന്നത്. സി.പി.എം ഭരണമുള്ള കേരളത്തില്‍ വികസനത്തിന് കിഫ്ബി എന്ന പേരില്‍ പണം സ്വരൂപിക്കുമ്പോള്‍ കരിമ്പട്ടികയില്‍ പെടുത്തിയ കനേഡിയന്‍ കമ്പനിയായ എസ്. എന്‍ ലാവ്‌ലിന്‍ ബന്ധമുള്ളവര്‍ക്ക് മസാല ബോണ്ടുകള്‍ വന്‍തോതില്‍ നല്‍കുന്നത് ഏത് സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും തത്വം ഉപയോഗിച്ചാണ് വ്യാഖ്യാനിക്കുക. ലോകബാങ്കിനെയും എ.ഡി.ബിയെയും കരിയോയിലില്‍ മുക്കിയവരുടെ സാമ്രാജ്യത്വ സ്‌നേഹം ആകസ്മികമാണോ. മുമ്പൊരു എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടില്‍ കോടികള്‍ അഴിമതി നടത്തിയതായി ആരോപണം നേരിടുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുമ്പോള്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ കളും സ്ത്രീ പീഡനവും ബാലപീഡനവും രാഷ്ട്രീയ കൊലപാതകങ്ങളും പെരുകുന്നതുമൊന്നും വാര്‍ത്ത പോലും അല്ലാതാവുന്നു.
30 പേരെ രാഷ്ട്രീയ പകയുടെ പേരില്‍ വെട്ടിക്കൊന്ന 450 പേരെ ഡാം തുറന്നിട്ട് മുക്കിക്കൊന്ന പ്രതിസ്ഥാനത്തുള്ള സര്‍ക്കാറിന് ഊര്‍ജ്ജം പകരാനാണോ ജനം വോട്ടു ചെയ്യേണ്ടത്. യു.പിയില്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീണപ്പോള്‍ രക്ഷകനായി പ്രവര്‍ത്തിച്ച ഡോ. ഖഫീല്‍ഖാനെ ജയിലിലടച്ച മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോ.ഖഫീല്‍ഖാനെ പ്രസംഗിപ്പിച്ചതിന് ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെയും ആവശ്യപ്രകാരം കോളജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് എതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുത്തത് മുഖ്യന്‍ പിണറായി വിജയന്റെ പൊലീസാണ്. ഭരണമേറ്റ് ഒരു വര്‍ഷത്തിനകം 1500 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്ന യു.പിയില്‍നിന്ന് വ്യാജ ഏറ്റുമുട്ടലിലൂടെ മൂന്നു പേരെ കൊന്നു തള്ളിയ പിണറായിയുടെ കേരളത്തിലേക്ക് വലിയ ദൂരമൊന്നുമില്ല. വാക്കിലും പ്രവൃത്തിയിലും പൂരകങ്ങളായി കാവിയും ചുവപ്പും ഒന്നായി മസാല ബോണ്ടയാവുമ്പോള്‍ സി.പി.എമ്മിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും തന്ത്രങ്ങളും ഒന്നുതന്നെയാവുന്നതും വര്‍ഗീയതയും അഴിമതിയും ആരോപിച്ചുള്ള വ്യക്തിഹത്യയാവുന്നതും സ്വാഭാവികം.
രാജ്യത്ത് ഏറ്റവുമധികം സ്വത്ത് കൈവശമുള്ള പാര്‍ട്ടികൡ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ബി.ജെ. പിയും സി.പി.എമ്മും ഉണ്ട്. പുറമെ എന്തൊക്കെ അകല്‍ച്ച കാണിച്ചാലും ഇവരുടെ താല്‍പര്യങ്ങളുടെ അന്തര്‍ധാര സജീവമാണ്. പഴശ്ശിരാജയുടെ മണ്ണിനെ വരെ രാഹുല്‍ വിരോധം മൂത്ത് കോട്ടിട്ട മോദി ഹിന്ദു വിരുദ്ധമെന്ന് അടച്ചാക്ഷേപിക്കുമ്പോള്‍ മുണ്ടുടുത്ത മോദിക്ക് നോക്കിയിരിക്കാനാവുമോ. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു കുമ്മനം രാജശേഖരന്‍ തലസ്ഥാനത്തു സ്ഥാനാര്‍ത്ഥിയായെത്തിയപ്പോള്‍ കുമ്മനത്തെ തോല്‍പിക്കുമെന്നോ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വിളവെടുപ്പിനു വിത്ത് എറിയുമ്പോള്‍ സുരേന്ദ്രനെ തോല്‍പിക്കുമെന്നോ പറയാത്ത പിണറായി വിജയന്‍ എല്‍.ഡി.എഫിനു ബാലികേറാമലയായ പാരമ്പര്യമായി യു.ഡി.എഫ് ജയിക്കുന്ന വയനാട്ടില്‍ രാഹുലിനെ തോല്‍പിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന്റെയും പപ്പുവെന്ന് ആക്ഷേപിക്കുന്നതിന്റെയും ഗുട്ടന്‍സ് വ്യക്തമാണ്. പിന്നെയാണോ, രമ്യയും രാഘവനും കുഞ്ഞാലിക്കുട്ടിയും പ്രേമചന്ദ്രനും തുടങ്ങിയ മറ്റു 19 യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.
1967ല്‍ സി.പി.എം ജയിച്ച വരാണസിയാണ് മോദിയെ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് ജയിപ്പിക്കുന്നത്. രാജ്യത്തെ 543 മണ്ഡലങ്ങളിലും സ്വന്തമായോ മുന്നണിയായോ സാനിധ്യമുള്ള പാര്‍ട്ടി ബി.ജെ.പിയും കോണ്‍ഗ്രസും മാത്രമാണ്. കേരളത്തില്‍ യു.ഡി.എഫായി മാത്രമല്ല കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായും മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായും കര്‍ണാടകയില്‍ ജെ.ഡി.എസുമായും ഝാര്‍ഖണ്ഡില്‍ ജെ.എം.എമ്മുമായും ബീഹാറില്‍ ആര്‍.ജെ.ഡിയുമായും ആന്ധ്രയില്‍ തെലുങ്കുദേശവുമായും തമിഴ്‌നാടില്‍ ഡി.എം.കെ മുന്നണിയുമായും ഡല്‍ഹിയില്‍ ആംആദ്മിയുമായും സഖ്യമുണ്ടാക്കിയത്. ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.ബി സഖ്യത്തോട് ചില മണ്ഡലത്തിലെങ്കിലും ധാരണ ഉണ്ടാക്കിയതിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ ഭരണമുള്ള സംസ്ഥാനങ്ങള്‍ക്ക്പുറമെ മുഖ്യ പ്രതിപക്ഷമായ ഗുജറാത്ത്, ഛത്തീസ്ഗഡ്, ഉത്തരഖണ്ഡ്, അസാം, ബംഗാള്‍, ത്രിപുര, ഗോവ, ഹരിയാന, തെലുങ്കാന, ഹിമാചല്‍ പ്രദേശ്, ഒഡിഷ, മിസോറാം, മോഘാലയ, മണിപ്പൂര്‍, നാഗാലാന്റ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തനിച്ചും കോണ്‍ഗ്രസ് മത്സരിക്കുന്നത്. കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് മുന്നൂറിലേറെ സീറ്റുകള്‍ നേടുകയെന്നത് ലക്ഷ്യമിടുമ്പോള്‍ കേരളത്തില്‍ നിന്ന് 20 മണ്ഡലങ്ങളില്‍ ഒന്നുപോലും കുറയരുതെന്നും ഉറപ്പാക്കുമല്ലോ. അതില്ലാതാക്കാന്‍ പപ്പുവിളികളും പച്ചകാണുമ്പോള്‍ ഹാലിളകലും മതിയാവില്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending